തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് മോഷണം പോയ ആനക്കൊമ്പുകൾ തേടിയുള്ള അന്വേഷണം ക്യാമ്പിലേക്ക് തന്നെ നീളുന്നു. സൈനിക ക്യാമ്പിനകത്ത് നിന്നുള്ള വ്യക്തി തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ക്യാമ്പിലെ ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 100 കിലോയിലേറെ ഭാരമുള്ള ആനക്കൊമ്പുകളാണ് മോഷണം പോയത്.
ക്യാമ്പിൽ തന്നെയുള്ള വ്യക്തിയാണ് മോഷണത്തിന് പിന്നിലെന്ന സംശയത്തിലാണ് പൊലീസ്. രണ്ട് ആനക്കൊമ്പുകളും പ്രദർശിപ്പിച്ചിരുന്ന ഓഫീസേഴ്സ് ക്ലബ്ബിൽ നിന്ന് ലഭിച്ച സംശയാസ്പദമായ നിലയിലുള്ള വിരലടയാളം പൊലീസ് പരിശോധിച്ച് വരികയാണ്. സംശയം തോന്നിയ വ്യക്തിയിൽ നിന്നുകൂടി വിരലടയാളം ശേഖരിച്ചാണ് പരിശോധന. 100 കിലോയോളം തൂക്കം വരുന്ന ആനക്കൊമ്പുകൾ ക്യാമ്പിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാൻ ആസൂത്രണം വേണമെന്ന നിഗമനമാണ് ക്യാമ്പിലേക്ക് തന്നെ അന്വേഷണത്തെ എത്തിച്ചത്.
എന്നാൽ, പാർട്ടി നടന്ന ഓഫീസേഴ്സ് ക്ലബ്ബിൽ സിസിടിവിയില്ലാത്തത് പ്രതിസന്ധിയായി. ക്യാമ്പിലേക്ക് ഡി ജെ പാർട്ടിക്കായി പുറത്തുനിന്ന് കൊണ്ടുവന്ന 18 പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇവരെക്കൂടാതെ ക്യാമ്പിലുണ്ടായിരുന്നത് സൈനികരും ബന്ധുക്കളും സ്ഥിരം ജോലിക്കാരുമാണ്. ക്ലബിൽ ബുധനാഴ്ച സംഘടിപ്പിച്ച പാർട്ടിക്ക് ശേഷമാണ് കൊമ്പുകള്‍ കാണാതായത്. അന്വേഷണത്തിനായി കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. 1929ല്‍ സര്‍ക്കാര്‍ സൈന്യത്തിന് കൈമാറിയ ആനക്കൊമ്പുകളാണ് നഷ്ടമായത്. രണ്ട് കോടിയോളം വിലമതിക്കുന്ന ആനക്കൊമ്പുകളാണ് ഇവ. കനത്ത സുരക്ഷയുടെ നടുവില്‍ നിന്നാണ് ക്യാമ്പിലെ ഓഫീസേഴ്സ് ക്ലബില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകള്‍ മോഷണം പോയത്.
Content Highlight; Elephant tusks weighing over 100 kg stolen from Pangod military camp