നന്ദഗോവിന്ദം ഭജന സംഘത്തെ ക്ഷണിച്ചിട്ടില്ല, ചെലവുകളെ കുറിച്ച് പറയേണ്ടത്‌ ദേവസ്വം ബോർഡ്: മന്ത്രി വി എൻ വാസവൻ

താൻ കൈകാര്യം ചെയ്യാത്ത കാര്യത്തെ കുറിച്ച് എങ്ങനെ മറുപടി പറയുമെന്ന് വാസവൻ

കോട്ടയം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ചെലവുകളെ കുറിച്ച് വിശദീകരണം നടത്തേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. സാമ്പത്തിക ഇടപാട് കൈകാര്യം ചെയ്തത് ബോർഡ് ആണ്. ബോർഡ് ഇക്കാര്യത്തിൽ മറുപടി പറയും. ബോർഡ് അഡ്വാൻസ് പൈസ തിരിച്ചു കൊടുത്തു എന്നാണ് കിട്ടിയ മറുപടി. സ്‌പോൺസറുടെ പൈസ കൊണ്ടാണ് പരിപാടി നടന്നത്. താൻ കൈകാര്യം ചെയ്യാത്ത കാര്യത്തെ കുറിച്ച് എങ്ങനെ മറുപടി പറയുമെന്നും വാസവൻ ചോദിച്ചു.

താൻ പരിപാടിയിൽ എത്തുന്നതിന് മുമ്പ് രാവിലെ അവിടെ ഒരു ഭജന നടന്നിരുന്നു എന്നാണ് അറിവ്. എന്നാലത് നന്ദഗോവിന്ദം ഭജൻസിന്റേത് ആണോ എന്നത് അറിയില്ല. നന്ദഗോവിന്ദം ഭജന സംഘത്തെ അവിടെ ക്ഷണിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയിരുന്നു. താൻ കണക്കിൽ ഒന്നിലും ഇടപെട്ടിട്ടില്ല. കണക്കിൽ പിശക് ഉണ്ടേൽ കോടതി പറയട്ടെ. അന്വേഷണം നടത്തണം എന്ന് കോടതി പറഞ്ഞാൽ അന്വേഷിക്കും. പരിപാടിക്ക് പശ്ചാത്തല സംവിധാനം ഒരുക്കുക മാത്രം ആണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം കുടുംബത്തിലെ പ്രശ്‌നം തടയാൻ ആകാത്തവർ എങ്ങനെ നാടിന്റെ പ്രശ്‌നം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി പറഞ്ഞു. കുറ്റ്യാടിയിൽ കണ്ടത് സ്‌നേഹം ആണെന്നാണ് പറയുന്നത്. സ്വന്തം താടി താങ്ങാൻ ആകാത്തവർക്ക് എങ്ങനെ അങ്ങാടി താങ്ങാൻ ആകുമെന്നും അദ്ദേഹം ചോദിച്ചു.

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്കുകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. പരിപാടിയുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണർ നൽകിയ കണക്കിലും ഓഡിറ്റ് റിപ്പോർട്ടിലും വ്യത്യാസമുണ്ട്. ആഗോള അയ്യപ്പ സംഗമം നടത്തുന്നതിനായി ദേവസ്വം ബോര്‍ഡില്‍ നിന്നെടുത്ത പണം തിരിച്ചടച്ചെന്നാണ് ദേവസ്വം കമ്മീഷണര്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട്. ദേവസ്വം അക്കൗണ്ടില്‍ നിന്നും അഡ്വാന്‍സായി ലഭിച്ച മൂന്നുകോടി രൂപ തിരിച്ചടച്ചുവെന്നാണ് ദേവസ്വം കമ്മീഷണര്‍ അറിയിച്ചത്. 4.99 കോടി രൂപയാണ് ആഗോളസംഗമത്തിനായി ആകെ ചെലവായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണക്ക് തള്ളുന്നതാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. സംഗമത്തിന് ചെലവായത് 10.99 കോടിയാണെന്നും ഇതില്‍ 4.35 കോടി രൂപ ഇനിയും കൊടുത്തുതീര്‍ക്കാനുണ്ടെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ അയ്യപ്പസംഗമത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പി എസ് പ്രശാന്ത് പ്രതികരിച്ചു. ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ തുകയില്‍ പ്രശാന്ത് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. സംഗമത്തിന്റെ സംഘാടനത്തിനായി മൂന്ന് കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചതെന്നും ഈ മൂന്ന് കോടി രൂപയും പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചതാണെന്നുമാണ് പ്രശാന്ത് പറയുന്നത്.

Content Highlights:‌ Devaswom Minister V N Vasavan says the Travancore Devaswom Board should explain the expenses related to the global Ayyappa Sangamam

To advertise here,contact us