വി സി മോഹനൻ കുന്നുമ്മലിന് തിരിച്ചടി; കേരള സർവകലാശാല വിദ്യാർത്ഥി യൂണിയൻ അസാധുവാക്കിയ നടപടി റദ്ദാക്കി ഹൈക്കോടതി

കാലാവധി പൂര്‍ത്തിയാകുംവരെ വിദ്യാര്‍ത്ഥി യൂണിയന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി. സര്‍വകലാശാല യൂണിയന്‍ അസാധുവാക്കിയ വിസിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. കാലാവധി പൂര്‍ത്തിയാകുംവരെ വിദ്യാര്‍ത്ഥി യൂണിയന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സര്‍വകലാശാല ഫണ്ട് അനുവദിച്ച രണ്ട് പരിപാടികള്‍ നടത്താനും ഹൈക്കോടതി അനുമതി നല്‍കി. സര്‍വകലാശാല യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.

ഇക്കഴിഞ്ഞ ഫെബ്രുവരി പത്തിനായിരുന്നു കേരള സര്‍വകലാശാല യൂണിയന്‍ മോഹനന്‍ കുന്നുമ്മല്‍ അസാധുവാക്കിയത്. തെരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സിലും രൂപീകരിച്ചിരുന്നു. യൂണിയന്റെ കാലാവധി കഴിഞ്ഞതിനാലാണ് നടപടിയെന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം. എന്നാല്‍ പ്രതികാര നടപടിയെന്നായിരുന്നു എസ്എഫ്‌ഐയുടെ ആരോപണം.

കേരള സര്‍വകലാശാല കലോത്സവം സമയബന്ധിതമായി നടത്തുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രതിഷേധത്തിലായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി ആവശ്യം കടുപ്പിച്ച് എസ്എഫ്‌ഐ രാപ്പകല്‍ സമരവും ആരംഭിച്ചിരുന്നു. കലോത്സവം നടത്താന്‍ സിന്‍ഡിക്കേറ്റ് അനുമതി നല്‍കിയെങ്കിലും വൈസ് ചാന്‍സലര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നായിരുന്നു എസ്എഫ്‌ഐ ചൂണ്ടിക്കാട്ടിയത്.

ഇതിനിടെ ഇക്കഴിഞ്ഞ പത്തിന് സര്‍വകലാശാലയിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തി. മാര്‍ച്ച് സംഘര്‍ഷത്തിലായിരുന്നു കലാശിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയിരുന്നു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എ ആര്‍ ക്യാമ്പിലേക്കും മാര്‍ച്ച് നടത്തി. ഇതിന് പിന്നാലെയായിരുന്നു യൂണിയന്‍ അസാധുവാക്കിക്കൊണ്ടുള്ള വിസിയുടെ ഉത്തരവ് വരുന്നത്. ഇതിനെതിരെ സര്‍വകലാശാല യൂണിയന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlights-HC cancelled order of vice chancellor mohanan kunnummal who call of kerala university union after sfi strike

To advertise here,contact us