കൊട്ടാരക്കര: ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിക്കാതെ തടഞ്ഞ് ഗേറ്റ് കീപ്പർ. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ് നായർക്കാണ് മോശം അനുഭവം ഉണ്ടായത്. സ്കൂൾ മാനേജർ കെ സുരേഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നാണ് ആരോപണം.
പൊലീസ് ഇടപെട്ടാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. അതേസമയം അധ്യാപികയെ തടഞ്ഞിട്ടില്ലെന്നാണ് സ്കൂൾ മാനേജരുടെ വിശദീകരണം. വിദ്യാഭ്യാസ വകുപ്പിന്റെ നിയമം അനുസരിച്ച് അധ്യാപികമാർ ചുരിദാർ ധരിക്കുന്നതിന് വിലക്കില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് അധ്യാപികയെ തടഞ്ഞത്. പിന്നാലെ സ്കൂൾ ഗേറ്റിന് മുന്നിൽ ഇവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ചുരിദാർ ധരിച്ച് വരരുതെന്ന് മുമ്പും മാനേജർ പറഞ്ഞിട്ടുണ്ടെന്ന് സിന്ധു പറയുന്നു. ഒമ്പത് മണിക്ക് മുമ്പ് ഓഫീസിൽ എത്തിയില്ലെങ്കിൽ വാതിൽ തുറക്കരുതെന്ന് മാനേജർ ഓഫീസ് അസിസ്റ്റന്റ്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്കൂളിന്റെ ആവശ്യത്തിന് പുറത്ത് പോകുന്നതും, ലീവ് എടുക്കുന്നതിനും സഹിതം മാനേജരുടെ അനുമതി തേടണമെന്നാണ് നിർദേശിച്ചരിക്കുന്നത്. മറ്റ് അധ്യാപികമാരോടും ചുരിദാർ ധരിച്ച് വരരുതെന്നാണ് മാനേജരുടെ നിർദേശം. തന്റെ സ്കൂളിൽ ചുരിദാർ ധരിച്ചു കയറരുതെന്നാണ് മാനേജരുടെ നിലപാട്. ഇയാൾ സ്ഥിരം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അധ്യാപിക ആരോപിച്ചു.
ഉച്ച ഭക്ഷണത്തിന് വേണ്ടുന്ന മുട്ടയുമായി ഓട്ടോയിൽ വന്നപ്പോഴാണ് തടഞ്ഞതെന്നും അധ്യാപിക പറഞ്ഞു. മറ്റ് അധ്യാപികമാർക്കെല്ലാം മാനേജരെ ഭയമാണെന്നും ഇനിയും താൻ ചുരിദാർ ധരിച്ച് സ്കൂളിലെത്തുമെന്നും അധ്യാപിക പറയുന്നു.
Content Highlights: A headmistress was allegedly restricted from entering the school gates due to wearing a churidar suit, raising questions about dress code enforcement