തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചു

അതേസമയം ആന്റണി രാജുവിനെ കുറ്റക്കാരനായി കണ്ടെത്തിയ വിധി നിലനില്‍ക്കും

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി മരവിപ്പിച്ചു. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയാണ് തിരുവനന്തപുരം സെഷന്‍സ് കോടതി മരവിപ്പിച്ചത്. അന്തിമ വിധി വരും വരെ താത്ക്കാലികമായാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് നടപടി. അതേസമയം ആന്റണി രാജുവിനെ കുറ്റക്കാരനായി കണ്ടെത്തിയ വിധി നിലനില്‍ക്കും.

മൂന്ന് വര്‍ഷം ശിക്ഷ വിധിച്ചുകൊണ്ടുള്ള നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആന്റണി രാജു തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. തന്റെ വാദങ്ങള്‍ പൂര്‍ണമായും കേള്‍ക്കാതെയായിരുന്നു കോടതി കുറ്റക്കാരനാക്കി കണ്ടെത്തി ശിക്ഷ വിധിച്ചതെന്നായിരുന്നു ആന്റണി രാജുവിന്റെ വാദം. ആദ്യഘട്ടത്തില്‍ മൂന്ന് പേരെയായിരുന്നു കേസില്‍ പ്രതി ചേര്‍ത്തിരുന്നത്. അക്കാര്യങ്ങളൊന്നും കോടതി പരിഗണിച്ചില്ലെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടിയിരുന്നു. ആ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചത്. ശിക്ഷാ വിധി മരവിപ്പിച്ചതുകൊണ്ട് ആന്റണി രാജുവിന്റെ അയോഗ്യത റദ്ദാക്കപ്പെടില്ല. കോടതിയുടെ അന്തിമ വിധിക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുകയുള്ളൂ.

ലഹരിക്കേസില്‍ പിടിയിലായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ ഇക്കഴിഞ്ഞ മൂന്നാം തീയതിയായിരുന്നു ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയും കോടതി ക്ലര്‍ക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലായിരുന്നു കോടതി ആന്റണി രാജുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇതേ ദിവസം തന്നെ ആന്റണി രാജുവിനുള്ള ശിക്ഷയും കോടതി വിധിച്ചിരുന്നു. മൂന്ന് വര്‍ഷം തടവിന് പുറമേ പതിനായിരം രൂപ പിഴയും കോടതി വിധിച്ചിരുന്നു.

1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നതാണ് ആന്റണി രാജുവിന് എതിരായ കേസ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയാണ് പിടിയിലായത്. ഈ കേസില്‍ പ്രധാന തൊണ്ടിമുതലായിരുന്നു സര്‍വലിയുടെ അടിവസ്ത്രം.

പ്രശസ്ത അഭിഭാഷകയായ സെലിന്‍ വില്‍ഫ്രഡായിരുന്നു പ്രതിയ്ക്ക് വേണ്ടി അന്ന് ഹാജരായത്. സെലിന്റെ ജൂനിയര്‍ അഭിഭാഷകനായിരുന്നു ആന്റണി രാജു. എന്നാല്‍ ഈ കേസ് തോല്‍ക്കുകയും സര്‍വലിക്ക് തിരുവനന്തപുരം സെഷന്‍സ് ജഡ്ജി കെ വി ശങ്കരനാരായണന്‍ 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. എന്നാല്‍, തൊട്ടുപിന്നാലെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്തു.

ഇതില്‍ കൃത്രിമത്വം നടത്തിയാല്‍ മേല്‍ക്കോടതിയില്‍ അപ്പീലില്‍ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയതിന് പിന്നാലെ ജോസുമായി ആന്റണി രാജു ഗൂഢാലോചന നടത്തുകയായിരുന്നു. കുഞ്ഞിരാമ മേനോന്‍ ആയിരുന്നു അന്ന് പ്രതിക്കുവേണ്ടി വക്കാലത്തെടുത്തത്. കേസിലെ പ്രധാന തൊണ്ടിമുതലായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമായിരുന്നു അന്ന് പ്രതിഭാഗം ഉയര്‍ത്തിയത്. തുടര്‍ന്ന് അടിവസ്ത്രം പ്രതിക്ക് ധരിക്കാന്‍ കഴിയില്ലെന്ന് കോടതി നേരിട്ട് ഉറപ്പാക്കുകയും ഹൈക്കോടതി പ്രതിയെ വെറുതേവിടുകയും ചെയ്തു. തുടര്‍ന്ന് ഓസ്ട്രേലിയയിലേക്ക് കടന്ന ആന്‍ഡ്രൂ അവിടെ കൊലക്കേസില്‍പ്പെടുകയും തടവില്‍ വെച്ച് സഹതടവുകാരനോട് കേരളത്തിലെ കേസിനെക്കുറിച്ച് പറയുകയുമായിരുന്നു. തുടര്‍ന്ന് ഇന്റര്‍പോള്‍ സിബിഐയ്ക്ക് വിവരം കൈമാറുകയും സിബിഐ കേരളാ പൊലീസിന് കത്ത് നല്‍കുകയുമായിരുന്നു. പിന്നാലെയാണ് ആന്റണി രാജുവിനെതിരേ കേസെടുക്കുന്നത്.

Content Highlights- Thiruvananthapuram sessions court has temporarily suspended the punishment imposed on Antony Raju in connection with the Thondi Mutal case.

To advertise here,contact us