ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ബജറ്റെന്നല്ല പറയേണ്ടതെന്നും സാമ്പത്തിക ചതിയെന്നാണ് പറയേണ്ടതെന്നും എം എ ബേബി വിമര്‍ശിച്ചു. ഏറ്റവും വലിയ തട്ടിപ്പ് നടന്നത് വിബി ജി റാം ജി പദ്ധതിയിലാണെന്നും അദ്ദേഹം പറഞ്ഞു. 95000 കോടി നല്കിയിരിക്കുന്നു. ഇതില്‍ 60 - 40 ആണ് കേന്ദ്ര - സംസ്ഥാന വിഹിതമെന്നും എം എ ബേബി പറഞ്ഞു.
'ഇത് സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി അപകടപ്പെടുത്താനാണ്. എയിംസ്, വിഴിഞ്ഞം എന്നിവയ്ക്ക് പണം ഇല്ല. ആമ പദ്ധതിക്ക് പണം മാറ്റിവെച്ച് കേരളത്തെ അപമാനിക്കുന്നു. തിരുവനന്തപുരത്ത് അമ്പരിപ്പിക്കും എന്നാണ് കരുതിയത്. ബിജെപി നേതാക്കളെ കൂടി വിഡ്ഢികളാക്കിയ ബജറ്റാണിത്', എം എ ബേബി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ബജറ്റിനെതിരെ രൂക്ഷമായ പ്രതികരണമാണ് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയത്. കേന്ദ്ര സര്‍ക്കാരിന് കേരളത്തോടുള്ള കടുത്ത അവഗണനയും വിവേചനവുമാണ് ബജറ്റിലൂടെ വെളിവാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ട് എന്ന വസ്തുത ധനമന്ത്രിബോധപൂര്വ്വം വിസ്മരിച്ചിരിക്കുകയാണെന്നും ഈ അവഗണനയ്ക്ക് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മറുപടി പറയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
'വികസനത്തിനായുള്ള പ്രത്യേക പാക്കേജുകള്‍ എല്ലാം പൂര്‍ണ്ണമായും തഴയപ്പെട്ടു. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഗ്രാന്റുകളുടെ കാര്യത്തില്‍ മൊത്തത്തില്‍ വലിയ വെട്ടിക്കുറവുണ്ടായി. 2021-ല്‍ 2.2 ലക്ഷം കോടി രൂപയായിരുന്ന ഗ്രാന്റ് ഇപ്പോള്‍ 1.4 ലക്ഷം കോടി രൂപയായി കുറഞ്ഞു. കേരളത്തോടുള്ള അവഗണനയ്ക്കെതിരെയും അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്', മുഖ്യമന്ത്രി പറഞ്ഞു.
അര്‍ധ അതിവേഗ റെയില്‍ ചോദിച്ചെന്നും ബിജെപി സര്‍ക്കാരിന്റെ വക്താവ് എന്ന രീതിയില്‍ ഒരു ബഹുമാന്യ വ്യക്തി അതിവേഗ റെയില്‍ സമ്മതിച്ചിരിക്കുന്നുവെന്ന് കേരളത്തോട് വിളിച്ച് പറയുന്ന സ്ഥിതിയുണ്ടായെന്നും മുഖമന്ത്രി ചൂണ്ടിക്കാട്ടി. എന്തോ വരാന്‍ പോകുന്നുവെന്ന തോന്നല്‍ ആളുകള്‍ക്കുണ്ടായി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് കേരളത്തോടുള്ള മനോഭാവത്തിന് ഒരു മാറ്റവുമില്ലെന്ന് തന്നെയാണ് ഇന്ന് അവതരിപ്പിച്ച ബജറ്റ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: CPIM General secratary M A Baby against central government on Union Budget 2026