ദീപക് ജീവനൊടുക്കിയ കേസ്; ജാമ്യം തേടി ഷിംജിത വീണ്ടും കോടതിയില്‍

അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഈ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത ജാമ്യം തേടി കോടതിയെ സമീപിച്ചു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഈ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. വടകരയിലെ ബന്ധുവീട്ടില്‍ നിന്നായിരുന്നു ഷിംജിതയെ പൊലീസ് പിടികൂടിയത്. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റില്‍ ഹാജരാക്കിയ ശേഷം ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയായിരുന്നു ഷിംജിതയ്ക്കെതിരെ പൊലീസ് കേസെടുത്തത്. ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിലാണ് ഷിംജിതയ്ക്കെതിരായ നടപടി. എന്നാല്‍ തനിക്ക് ബസില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടു എന്ന മൊഴിയില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ഷിംജിത.

Content Highlights: Deepak death Case Shimjita in court seeking bail

To advertise here,contact us