തിരുവനന്തപുരം: തിരുവനന്തപുരത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തില് സിപിഐഎം പ്രതിരോധത്തില്. ആര്എസ്എസ് ആക്രമണത്തില് കൊല്ലപ്പെട്ട വിഷ്ണുവിന്റെ സഹോദരന് വിനോദ് ആണ് പാര്ട്ടിക്കെതിരെ രംഗത്തെത്തിയത്. രക്തസാക്ഷി ഫണ്ടായ അഞ്ച് ലക്ഷം രൂപ തട്ടിച്ച മുന് ലോക്കല് സെക്രട്ടറി ടി രവീന്ദ്രന് നായരെ പാര്ട്ടി സംരക്ഷിച്ചുവെന്നും മന്ത്രി വി ശിവന്കുട്ടിയുടെ ഇടപെടലില് രവീന്ദ്രനെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയെന്നും വിനോദ് ആരോപിച്ചു. കുടുംബം പാര്ട്ടിയുമായുള്ള ബന്ധം വിടുകയാണെന്ന് വിനോദ് വ്യക്തമാക്കി. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസ് ബ്രാഞ്ച് അംഗമാണ് വിനോദ്.
' പിരിച്ചെടുത്ത രക്തസാക്ഷി ഫണ്ടില് നിന്നും അഞ്ച് ലക്ഷം രൂപ അമ്മയുടെ അക്കൗണ്ടിലേക്ക് നല്കുകയും അഞ്ച് ലക്ഷം രൂപ പാര്ട്ടി അക്കൗണ്ടില് സൂക്ഷിക്കുകയുമാണ് ചെയ്തത്. അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് രവീന്ദ്രനാണ്. രവീന്ദ്രന് ഉടന് അക്കൗണ്ടില് നിന്നും കാശ് വലിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്ഷം മുമ്പാണ് ഞങ്ങള് അക്കാര്യം അറിയുന്നത്. അത്രയും വര്ഷത്തെ പലിശ തന്നെ എത്രരൂപയാവും. ഈയടുത്ത് അക്കാര്യം അന്വേഷിച്ചപ്പോള് വാസ്തവമാണെന്ന് ബോധ്യപ്പെട്ടു', വിനോദ് പറയുന്നു.
വിഷയം പാര്ട്ടിയില് ചര്ച്ചയായതോടെ രവീന്ദ്രന് ഇക്കാര്യം അംഗീകരിച്ചുവെന്നും വിനോദ് വ്യക്തമാക്കി. പിന്നാലെ ജില്ലാ കമ്മിറ്റി തീരുമാനിച്ച് രവീന്ദ്രന്റെ ലോക്കല് കമ്മിറ്റി സെക്രട്ടറി സ്ഥാനവും ഏരിയാ കമ്മിറ്റി മെമ്പര് സ്ഥാനവും ഒഴിവാക്കിയെങ്കിലും പാര്ട്ടി അംഗത്വം നിലനിര്ത്തി. എന്നാല് രവീന്ദ്രനെതിരെ കൂടുതല് നടപടി ആവശ്യപ്പെട്ട് കുടുംബം ജില്ലാ കമ്മിറ്റിക്കും സംസ്ഥാനകമ്മിറ്റിക്കും പരാതി നല്കിയിരുന്നു. അത് നിലനില്ക്കെതന്നെ രവീന്ദ്രനെ ലോക്കല്കമ്മിറ്റി മെമ്പറാക്കാനും ഏരിയാകമ്മിറ്റി മെമ്പറാക്കാനും തിരുവനന്തപുരത്തിന്റെ മന്ത്രി നേരിട്ട് ഇടപെട്ട് ശ്രമിച്ചു. ഇതിനെ പ്രാദേശിക നേതാക്കള് എതിര്ത്തിരുന്നു. എന്നാലിപ്പോള് അദ്ദേഹത്തെ മന്ത്രി ഇടപെട്ട് സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയെന്നും വിനോദ് ആരോപിച്ചു.
താനും കുടുംബവും പാര്ട്ടിയുമായുള്ള ബന്ധം വിടുകയാണെന്നും വിനോദ് പറഞ്ഞു. പയ്യന്നൂരില് ധനരാജ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ വി കുഞ്ഞികൃഷ്ണനെ പാര്ട്ടി പുറത്താക്കിയ പശ്ചാത്തലത്തിലാണ് നിലവിലെ തീരുമാനമെന്നും വിനോദ് പറഞ്ഞു.
Content Highlights:V sivankutty protect cpim leader who Make fraud in Martyr's fund thiruvananthapuram