കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതികളായ ശബരി, ഗുരുവായൂർ - തിരുനാവായ പാതകൾ മരവിപ്പിച്ച നടപടി റദ്ദാക്കി. റെയിൽവേ ബോർഡാണ് നടപടി റദ്ദാക്കിയത്. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് നടപടി റദ്ദാക്കിയത് എന്നതാണ് ശ്രദ്ധേയം. ശബരി പാതയ്ക്ക് ജീവൻ വെയ്പ്പിയ്ക്കുന്ന തീരുമാനങ്ങളും റെയിൽവേ ബോർഡിന്റെ ഉത്തരവിലുണ്ട്. പാതയ്ക്കായി സ്ഥലമേറ്റെടുപ്പ് നടപടികൾ തുടങ്ങാനായി പദ്ധതിയുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
2019ലാണ് റെയിൽവേ രണ്ട് പദ്ധതികളും മരവിപ്പിച്ചത്. നിർമാണ പ്രവർത്തനങ്ങൾ പ്രതീക്ഷിച്ച വേഗത്തിൽ നടക്കാത്തതായിരുന്നു മരവിപ്പിക്കാന് കാരണം. കഴിഞ്ഞ വർഷങ്ങളിൽ പദ്ധതിക്ക് പണം അനുവദിക്കപ്പെടുന്നുണ്ടായിരുന്നു. എന്നാൽ പദ്ധതികൾ മരവിപ്പിച്ചിരുന്നതിനാൽ പണം ചിലവഴിക്കാനായിരുന്നില്ല.
എല്ലാ വർഷവും 100 കോടി രൂപയാണ് ശബരി പദ്ധതിക്കായി ബജറ്റിൽ വകയിരുത്തി വരുന്നത്. ഗുരുവായൂർ - തിരുനാവായ പദ്ധതിക്കായി 45 കോടി രൂപയും കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയിരുന്നു. ശബരി പാതയ്ക്കായി സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന് റെയിൽവേ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പദ്ധതി മരവിപ്പിച്ചതിനാൽ അതിന് സാധിക്കില്ല എന്നായിരുന്നു സംസ്ഥാനത്തിന്റെ നിലപാട്.
Content Highlights: Railway takes up freeze on guruvayur-tirunavaya and sabari rail projects, hopes on central budget