തിരുവനന്തപുരം: സാമുദായിക ഐക്യത്തില് നിന്ന് എന്എസ്എസ് പിന്മാറിയതിന് പിന്നാലെ തുടര്നീക്കങ്ങള് ആലോചിക്കാനുള്ള എസ്എന്ഡിപി യോഗം വിശാല കൗണ്സില് ഇന്ന് ചേരും. എൻഎസ്എസിന്റെ പിന്മാറ്റത്തതിന് പിന്നില് രാഷ്ട്രീയ സമ്മര്ദമുണ്ടെന്നാണ് എസ്എന്ഡിപിയുടെ വിലയിരുത്തല്. എന്എസ്എസ് ഐക്യത്തിന് തയ്യാറല്ലെങ്കില് മറ്റ് സാമുദായിക സംഘടനകളുമായി ചേര്ന്ന് മുന്നോട്ട് പോകുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. എന്നാല് പ്രധാനപ്പെട്ട സാമുദായി സംഘടനയായ എന്എസ്എസിന്റെ പിന്മാറ്റത്തോടെ മറ്റ് ഐക്യ ശ്രമങ്ങള് പോലും ചോദ്യ ചിഹ്നത്തിലായിരിക്കുകയാണ്.
ക്രൈസ്തവ സംഘടനകളോ മറ്റേതെങ്കിലും സാമുദായിക സംഘടനകളോ സംഭവത്തില് അനുകൂല പ്രതികരണങ്ങള് നടത്തിയിട്ടില്ല എന്നതും എസ്എന്ഡിപിക്ക് മുന്നില് നില്ക്കുന്ന വലിയ വെല്ലുവിളിയാണ്. മുന്പ് ചേര്ന്ന വിശാല കൗണ്സിലായിരുന്നു എന്എസ്എസുമായുള്ള ഐക്യരൂപീകരണത്തെ പിന്തുണയ്ക്കുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നത്. അതിനാല് ഇന്ന് ചേരുന്ന വിശാല കൗണ്സിലില് ഇക്കാര്യം വിശദമായി ചര്ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിലെ സാഹചര്യത്തില് കഴിഞ്ഞ ദിവസം പാസാക്കിയ നിലപാടുകളില് മാറ്റം വരുത്തേണ്ടതുണ്ടോ, നിലപാടില് മാറ്റം വരുത്തിയാല് എന്എസ്എസിന്റെ തീരുമാനം മാറുമോ എന്നീ കാര്യങ്ങളും എസ്എന്ഡിപി ചർച്ച ചെയ്യുമെന്നാണ് റിപ്പോര്ട്ടുകള്.
അതേസമയം എന്എസ്എസിന്റെ പിന്മാറ്റത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചില്ലെന്നായിരുന്നു ഇന്നലെ വെള്ളാപ്പള്ളി നടേശന് പറഞ്ഞിരുന്നത്. ഇക്കാര്യത്തില് നിലപാട് വ്യക്തമാക്കാന് വെള്ളാപ്പള്ളി നടേശന് ഇന്ന് മാധ്യമങ്ങളെ കാണും. ഇതിന് പിന്നാലെ സുകുമാരന് നായരും മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം പെരുന്നയില് ചേര്ന്ന എന്എസ്എസിന്റെ ഡയറക്ടര് ബോര്ഡ് യോഗത്തിലായിരുന്നു എസ്എന്ഡിപിയുമായി ഐക്യം വേണ്ടെന്ന നിര്ണായക തീരുമാനമുണ്ടായത്. എന്എസ്എസ് ജനറല് സെക്രട്ടറി സുകുമാരന് നായര് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. പല കാരണങ്ങളാല് പല തവണ എന്എസ്എസ്-എസ്എന്ഡിപി ഐക്യം വിജയിക്കാത്ത സാഹചര്യമുണ്ടായെന്നും വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാല് വ്യക്തമാണെന്നും സുകുമാരന് നായര് പുറത്തിറക്കിയ പ്രസ്താവനയില് പറഞ്ഞിരുന്നു. എന്എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങളില് നിന്ന് വ്യതിചലിക്കാന് ആവില്ല. അതിനാല് ഐക്യം പ്രായോഗികമല്ലെന്നും സുകുമാരന് നായര് വ്യക്തമാക്കിയിരുന്നു.
Content Highlight; SNDP meeting today to discuss next steps after NSS withdraws from communal unity