ഘടകകക്ഷികൾ മത്സരിക്കുന്ന സീറ്റുകളിൽ പാർട്ടിയുടെ ശ്രദ്ധ കുറയരുത്; പാര്‍ട്ടി നേതാക്കളോട് മുഖ്യമന്ത്രി

സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം

പത്തനംതിട്ട: തുടർഭരണം ഉറപ്പാക്കാൻ ഊർജസ്വലമായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. ഘടകകക്ഷികൾ മത്സരിക്കുന്ന സീറ്റുകളിൽ പാർട്ടിയുടെ ശ്രദ്ധ കുറയരുതെന്നും പാർട്ടി മത്സരിക്കുന്നതുപോലെ തന്നെ ഘടകകക്ഷികൾ മത്സരിക്കുന്ന മണ്ഡലത്തിലും പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളടക്കം ചർച്ച ചെയ്യാനായാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നത്. ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ള വിഷയമോ കേസിൽ പ്രതിയായ ജില്ലാ കമ്മിറ്റി അംഗവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാറിനെതിരായ നടപടിയുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തില്ല. കേസിൽ പത്മകുമാറിനെതിരെ പാർട്ടി തലത്തിൽ നടപടി സ്വീകരിച്ചില്ലെന്ന വിമർശനം പ്രതിപക്ഷമടക്കം ഉയർത്തുന്ന വേളയിലാണ് ഇന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് നടന്നത്.

അതേസമയം കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പത്തനംതിട്ട ജില്ലയിലെ മണ്ഡലങ്ങളിലെ കണക്കുകൾ യോഗം വിലയിരുത്തി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെയും പാർലമെൻറ് തെരഞ്ഞെടുപ്പിലെയും കണക്കുകൾ യോഗത്തിൽ വിലയിരുത്തി. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും വോട്ട് നിലയുമടക്കം യോഗത്തിൽ വിശകലനം ചെയ്തു. നിയമസഭാതെരഞ്ഞെടുപ്പിൽ എങ്ങനെ മുൻതൂക്കം ഉണ്ടാക്കാം എന്ന വിഷയത്തിലായിരുന്നു പ്രധാന ചർച്ച. വരുന്ന തെരഞ്ഞെടുപ്പിൽ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടു പോകണമെന്ന് അംഗങ്ങൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

Content Highlights:‌ Chief Minister Pinarayi Vijayan urged party workers and supporters to work energetically to ensure continued governance

To advertise here,contact us