കോഴിക്കോട്: ലിന്റോ ജോസഫ് എംഎല്എയെ സോഷ്യല് മീഡിയയിലൂടെ വ്യക്തിഹത്യ ചെയ്ത സംഭവത്തില് നടപടിയുമായി പൊലീസ്. ഫേസ്ബുക്കില് കമന്റിട്ട ലീഗ് അനുഭാവിയായ അസ്ലം മുഹമ്മദിനെ പൊലീസ് കസ്റ്റഡിയില് എടുത്തു. തിരുവനമ്പാടി പൊലീസിന്റേതാണ് നടപടി. സംഭവത്തില് നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയാണ് പൊലീസിനെ സമീപിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു തിരുവമ്പാടി എംഎല്എ ലിന്റോ ജോസഫിനെതിരെ ലീഗ് അനുഭാവിയായ അസ്ലം മുഹമ്മദ് അധിക്ഷേപ പരാമര്ശം നടത്തിയത്. ലിന്റോ ജോസഫിന്റെ ശാരീരിക പരിമിതികളെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു പരാമർശം. ഫേസ്ബുക്കിലിട്ട ഒരു കമന്റിലൂടെയായിരുന്നു അധിക്ഷേപം. ഇതിനെതിരെ വ്യാപക വിമര്ശനം ഉയര്ന്നിരുന്നു. സംഭവത്തില് പ്രതികരിച്ച് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അടക്കം രംഗത്തെത്തിയിരുന്നു.
ലിന്റോയുടെ കാലിനല്ല വൈകല്യമെന്നും മറിച്ച് സഹജീവിയുടെ വേദന സ്വജീവനേക്കാള് വലുതാണെന്ന് കരുതിയ ഒരു നിസ്വാര്ത്ഥ പൊതുപ്രവര്ത്തകനെ പരിഹസിക്കുന്ന നിങ്ങളുടെ മനസിനാണ് വൈകല്യമെന്നുമായിരുന്നു എ എ റഹീം എംപി പ്രതികരിച്ചത്. പരിഹാസങ്ങളില് പതറാതെ പോരാട്ടത്തിന്റെ കരുത്തുമായി ലിന്റോ ജനങ്ങള്ക്കിടയില് തന്നെയുണ്ടാകുമെന്നും നിങ്ങളോട് സഹതപിക്കാനേ തങ്ങള്ക്ക് കഴിയുകയുള്ളൂവെന്നും എ എ റഹീം പറഞ്ഞിരുന്നു. അപരസ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് ലിന്റോയെന്നും മുസ്ലിം ലീഗിന്റെ വേട്ടമൃഗങ്ങളുടെ അധിക്ഷേപത്തില് കെട്ട് പോകുന്ന വെളിച്ചമല്ലെന്നുമായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞത്. സംഭവത്തില് പ്രതികരിച്ച് ലിന്റോ ജോസഫ് തന്നെ രംഗത്തെത്തിയിരുന്നു. നാടിന് വേണ്ടി എന്ത് ചെയ്യാന് കഴിയുമെന്നതിലാണ് ശ്രദ്ധയെന്നും അധിക്ഷേപ കമന്റുകള് കാര്യമാക്കുന്നില്ലെന്നുമായിരുന്നു ലിന്റോ ജോസഫ് പറഞ്ഞത്.
Content Highlights- Kerala Police have taken action following a complaint over the alleged character assassination of MLA Linto Joseph through social media