പാർട്ടിയെ വെല്ലുവിളിക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം: എസ് രാജേന്ദ്രനെതിരെ എം എം മണിയുടെ ഭീഷണി

'രാജേന്ദ്രനും ഭാര്യയ്ക്കും ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ മേടിച്ച് ഞണ്ണാം. രാജേന്ദ്രന്‍ ചത്തുപോയാല്‍ ഭാര്യയ്ക്ക് പെന്‍ഷന്‍ കിട്ടും'

ഇടുക്കി: ബിജെപിയില്‍ ചേര്‍ന്ന മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെ ഭീഷണിയുമായി സിപിഐഎം നേതാവ് എം എം മണി. പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന രാജേന്ദ്രനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്ന് എം എം മണി പറഞ്ഞു. പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ എന്ത് ചെയ്യണമെന്ന് തന്റെ ഭാഷയില്‍ പറഞ്ഞാല്‍ തീര്‍ത്ത് കളയുമെന്ന് പ്രത്യേക ആംഗ്യത്തോടെ എം എം മണി ഭീഷണിപ്പെടുത്തി. പക്ഷെ അതൊന്നും ചെയ്യുന്നില്ലെന്നും എം എം മണി പറഞ്ഞു. മൂന്നാറില്‍ നടന്ന പൊതുയോഗത്തിലായിരുന്നു എം എം മണിയുടെ പ്രതികരണം.

പാര്‍ട്ടി എല്ലാം സഹിച്ച് മുന്നോട്ട് പോവുകയാണ്. എംഎല്‍എ സ്ഥാനം ഉള്‍പ്പെടെ പലതും പാര്‍ട്ടി എസ് രാജേന്ദ്രന് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയെ വെല്ലുവിളിക്കുന്നത് ആരായാലും, അതിനി താനായാലും നിങ്ങളെന്നെ തല്ലിക്കൊല്ലണം. രാജേന്ദ്രൻ ആര്‍എസ്എസിലോ ബിജെപിയിലോ ഏത് പൂനായില്‍ ചേര്‍ന്നാലും സിപിഐഎമ്മിന് ഒരു കോപ്പുമില്ല. ഉണ്ട ചോറിന് നന്ദി കാണിക്കണം. രാജേന്ദ്രനും ഭാര്യയ്ക്കും ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ മേടിച്ച് ഞണ്ണാം. രാജേന്ദ്രന്‍ ചത്തുപോയാല്‍ ഭാര്യയ്ക്ക് പെന്‍ഷന്‍ കിട്ടുമെന്നും എം എം മണി പറഞ്ഞു.

മുന്ന് തവണ ദേവികുളം എംഎല്‍എയായ എസ് രാജേന്ദ്രന്‍ കഴിഞ്ഞ ദിവസമാണ് സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനത്ത് എത്തിയാണ് എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് കൂടുമാറിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് രാജേന്ദ്രന്‍ അംഗത്വം സ്വീകരിച്ചത്. രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ സിപിഐഎമ്മിന് ഒരു ചുക്കും സംഭവിക്കില്ലെന്നായിരുന്നു മുന്‍പ് എം എം മണിയുടെ പ്രതികരണം.

രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയായിരുന്നു എസ് രാജേന്ദ്രന്റെ ബിജെപിയിലേക്കുള്ള പ്രവേശനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സിപിഐഎം രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സിപിഐഎമ്മുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കാത്തതിലും എസ് രാജേന്ദ്രന് അതൃപ്തിയുണ്ടായിരുന്നു.

Content Highlight; CPIM leader MM Mani has threatened former Devikulam MLA S Rajendran, who joined the BJP

To advertise here,contact us