അനധികൃത പണമിടപാട് നടത്തിയെന്ന് 77കാരനെ വിശ്വസിപ്പിച്ച് 45 ലക്ഷം കൈക്കലാക്കി;കണ്ണൂരിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ്

അറസ്റ്റ് വാറണ്ട് വാട്‌സാപ്പ് വഴി അയച്ചു കൊടുത്തിരുന്നു

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്. വയോധികന്റെ 45 ലക്ഷം രൂപ തട്ടിയെടുത്തു. തലശ്ശേരി സ്വദേശിയായ 77 കാരനാണ് പണം നഷ്ടമായത്. അനധികൃത പണമിടപാട് നടത്തി എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

അറസ്റ്റ് വാറണ്ട് വാട്‌സാപ്പ് വഴി അയച്ചു കൊടുത്തു. അറസ്റ്റ് ഒഴിവാക്കാന്‍ കയ്യിലുള്ള പണം ഗവണ്‍മെന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കണം എന്ന് വിശ്വസിപ്പിച്ചു. തുടര്‍ന്ന് തട്ടിപ്പ് സംഘം നകിയ നമ്പറിലേക്ക് പണം അയക്കുകയായിരുന്നു. പിന്നീടാണ് തട്ടിപ്പാണെന്ന് മനസിലായത്. സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

നേരത്തെ തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറിൽ നിന്നും ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. കേസിൽ മുഖ്യപ്രതിയായ പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവൻ രാമിനെ (28) കണ്ണൂർ സിറ്റി സൈബർ പൊലീസ് പിടികൂടിയിരുന്നു. ലുധിയാന ജില്ലയില്‍നിന്നുമാണ് ‌അന്വേഷണസംഘം പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ നവംബർ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയിലെ സിബിഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന വാട്സാപ് വിഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം, പരാതിക്കാരിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലവിലുണ്ടെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കേസ് ഒത്തുതീർപ്പാക്കാനായി ഡോക്ടറെ ഭയപ്പെടുത്തി വിവിധ അക്കൗണ്ടുകളിലായി 10,50,000 രൂപ അയപ്പിക്കുകയായിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി ജീവൻ രാം ചെക്ക് വഴി അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.

Content Highlights: lakhs fraud again through digital arrest scam in kannur

To advertise here,contact us