തിരുവനന്തപുരം- കണ്ണൂർ യാത്രയ്ക്ക് വെറും 3.15 മണിക്കൂര്‍; അതിവേഗ റെയിൽപാത പദ്ധതിയുമായി മുന്നോട്ടെന്ന് ഇ ശ്രീധരൻ

പതിനഞ്ച് ദിവസത്തിനകം പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ഇ ശ്രീധരൻ

മലപ്പുറം: അതിവേഗ റെയില്‍പാതയ്ക്കുള്ള ഓഫീസ് പൊന്നാനിയില്‍ സജ്ജമെന്ന് ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. അതിവേഗ റെയില്‍വേയുമായി ബന്ധപ്പെട്ട് സമയം കളയാനില്ല. രണ്ടാം തീയതി ഓഫീസ് തുറക്കും. പതിനഞ്ച് ദിവസത്തിനകം പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടാകും. റെയില്‍വേയുടെ നിര്‍ദേശപ്രകാരം മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഇ ശ്രീധരൻ പറഞ്ഞു. പാലക്കാട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇ ശ്രീധരൻ.

പതിനാല് സ്റ്റേഷന്‍ എന്നായിരിക്കും ആദ്യ പ്ലാന്‍ എന്നും ശ്രീധരൻ പറഞ്ഞു. അത് പിന്നീട് 22 ആയി ഉയര്‍ത്തും. ആദ്യ സ്റ്റോപ്പ് തിരുവനന്തപുത്തായിരിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. തിരുവനന്തപുരം എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍, കുന്നംകുളം, എടപ്പാള്‍, തിരൂര്‍, മലപ്പുറം(കരിപ്പൂര്‍), കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂര്‍ എന്നിങ്ങനെയായിരിക്കും സ്‌റ്റേഷനുകള്‍. എറണാകുളത്ത് ബൈപ്പാസിനോട് അടുപ്പിച്ചായിരിക്കും സ്റ്റേഷന്‍ വരിക. കാസര്‍കോട് നിന്ന് യാത്രക്കാര്‍ കുറവാണെന്നാണ് പഠനം കണ്ടെത്തിയത്. അതുകൊണ്ട് കാസര്‍കോട് ഒഴിവാക്കി. 100 മുതല്‍ 150 വരെ ആളുകള്‍ മാത്രമാണ് കാസര്‍കോട് നിന്നുള്ളത്. പിന്നീട് ആവശ്യമെങ്കില്‍ കൂട്ടി ചേര്‍ക്കാം. കാസര്‍കോട്ടേയ്ക്ക് സ്‌റ്റേഷന്‍ നീട്ടണമെങ്കില്‍ 200 കോടി രൂപ അധിക ചെലവ് വരും. 200 കിലോമീറ്ററായിരിക്കും ട്രെയിനിൻ്റെ സ്പീഡെന്നും ശ്രീധരൻ പറഞ്ഞു.

അതിവേഗ റെയില്‍പാത വന്നാല്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് എത്താനുള്ള സമയം വെറും രണ്ടര മണിക്കൂറായിരിക്കുമെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ എത്താന്‍ 3.15 മണിക്കൂര്‍ മാത്രമായിരിക്കും വേണ്ടിവരിക. തിരുവനന്തപുരം-കൊച്ചി യാത്രക്ക് വേണ്ടിവരിക 1.20 മണിക്കൂര്‍ മാത്രമായിരിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു. തുടക്കത്തില്‍ എട്ട് കോച്ചുകളായിരിക്കും ട്രെയിനില്‍ ഉണ്ടാകുക. 560 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് സൗകര്യം ഒരുക്കുന്നത്. എല്ലാ അഞ്ച് മിനിറ്റിലും ട്രെയിന്‍ ഉണ്ടാകും. നിലവിലെ നിരക്കിന്റെ പകുതി മാത്രമേ കൂടൂകയുള്ളൂ. ഇപ്പോള്‍ പത്ത് ആണെങ്കില്‍ അത് പതിനഞ്ചിലേക്ക് മാത്രമായിരിക്കും ഉയരുകയെന്നും ശ്രീധരൻ ചൂണ്ടിക്കാട്ടി

പാലം തൂണുകളുടെ പണി കഴിഞ്ഞാല്‍ ആ സ്ഥലം പിന്നീട് ആവശ്യമുണ്ടാകില്ല. മുഴുവന്‍ തുക നല്‍കിയാണ് ജനങ്ങളില്‍ നിന്ന് ഭൂമി ഏറ്റെടുക്കുക. പണി പൂര്‍ത്തിയായാല്‍ റെയില്‍വേക്ക് ആ ഭൂമി ആവശ്യമില്ല. അത് ഉടമയ്ക്ക് വ്യവസ്ഥകളോടെ തിരികെ നല്‍കും. ചെറിയ തുക വര്‍ഷം തോറും റെയില്‍വേക്ക് നല്‍കേണ്ടി വരും. 70 ശതമാനം എലിവേറ്റഡാകും പാത. 20 ശതമാനം ടണലായിരിക്കും. അതുകൊണ്ട് ആവശ്യത്തിന് മാത്രമായിരിക്കും സ്ഥലം ഏറ്റെടുപ്പ്. ടണല്‍ ആണെങ്കിലും ജനങ്ങള്‍ പേടിക്കേണ്ടതില്ലെന്നും ശ്രീധരന്‍ പറഞ്ഞു. പുതിയ വിദ്യ ഉപയോഗിക്കും. നാട്ടുകാരെ ബോധ്യപ്പെടുത്തും. സ്ഥലം ഏറ്റെടുക്കുന്ന ചുമതല സംസ്ഥാനത്തിനായിരിക്കും. ആകെ 430 കിലോമീറ്ററായിരിക്കും ദൂരം. നാല് ചീഫ് എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തി ഒരേ സമയം പ്രവര്‍ത്തി നടത്തിയാല്‍ അഞ്ച് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാകും. പദ്ധതിക്കെതിരെ സമരം പാടില്ലെന്നും ഇ ശ്രീധരന്‍ ആവശ്യപ്പെട്ടു.

86,000 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇത് ഒരു ലക്ഷം കോടി വരെ ഉയരാം. 51 ശതമാനം റെയില്‍വേ, 49 ശതമാനം സ്റ്റേറ്റ് എന്നിങ്ങനെയാകും മുടക്ക് മുതല്‍. 60,000 കോടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം. 30,000 കേന്ദ്രം, 30,000 സംസ്ഥാനം എന്നിങ്ങനെയാണ് കണക്കാക്കുന്നത്. അഞ്ച് കൊല്ലത്തേയ്ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആറായിരം കോടി വീതം ഓരോ വര്‍ഷവും നല്‍കിയാല്‍ മതിയാകും. ഒരു കിലോമീറ്ററിന് 200 കോടി എന്ന നിലയിലാണ് ചെലവ് കണക്കാക്കുന്നത്. അതിവേഗ റെയില്‍പാത വരുന്നതോടെ നിരത്തുകളിലെ അപകടങ്ങള്‍ കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷം 2000 റോഡ് അപകട മരണമെങ്കിലും കുറയ്ക്കാന്‍ കഴിയും. ട്രെയിന്‍ നല്ല ഭക്ഷണം നല്‍കാനല്ല, സമയ നിഷ്ടയാണ് പ്രധാനം. മലിനീകരണം കുറയ്ക്കാന്‍ സാധിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

കെ റെയിലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരോട് ചില ചോദ്യങ്ങളും ശ്രീധരന്‍ ഉന്നയിച്ചു. കെ റെയില്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്ന് 100 കോടി രൂപ വാങ്ങിയെന്നും അത് എന്തായെന്നുമായിരുന്നു ശ്രീധരന്റെ ചോദ്യം. മഞ്ഞക്കുറ്റിയുടെ പേരില്‍ എത്ര കേസുകള്‍ ഉണ്ടായെന്നും ശ്രീധരന്‍ ചോദിച്ചു.

Content Highlights- E Sreedharan announced a high-speed rail project connecting Thiruvananthapuram and Kannur, which will cut travel time to 3 hours and 15 minutes

To advertise here,contact us