കണ്ണൂര്: അതിവേഗ റെയില്പാതയ്ക്കെതിരെയും ശക്തമായ സമരം നടത്തുമെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവും മുന് കെപിസിസി അധ്യക്ഷനുമായ കെ സുധാകരന്. അതിവേഗ റെയില്പാത വന്നാല് ഉണ്ടാകുന്ന പ്രയാസം ചെറുതല്ല. ജനങ്ങള്ക്ക് ഉള്ക്കൊള്ളാന് ആകാത്ത വികസനം നാടിന് ആവശ്യമില്ല. കെ റെയിലില് പദ്ധതിയെ ഒരു നാട് മുഴുവന് എതിര്ത്തതാണെന്നും കെ സുധാകരന് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില് മത്സരിക്കുന്നതുമായി ബന്ധപ്പെട്ടും കെ സുധാകരന് പ്രതികരിച്ചു. പാര്ട്ടി തീരുമാനിച്ചാല് കണ്ണൂരില് മത്സരിക്കുമെന്ന് കെ സുധാകരന് പറഞ്ഞു. മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പാര്ട്ടി ഇതുവരെയും തന്റെ അഭിപ്രായം ചോദിച്ചിട്ടില്ല. ചോദിക്കുമെന്നാണ് കരുതുന്നത്. എല്ലാം പാര്ട്ടി തീരുമാനിക്കട്ടെയെന്നും കെ സുധാകരന് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കെ സുധാകരന് രംഗത്തെത്തി. വര്ഗീയതയുടെ രാജാവായി പിണറായി വിജയന് മാറിയെന്ന് കെ സുധാകരന് പറഞ്ഞു. ആദ്യമായാണ് ഇന്ത്യയില് കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ ഒരു നേതാവ് വര്ഗീയതയുടെ വക്താവായി മാറിയത്. പിണറായി വിജയനാണ് എല്ലാത്തിനും ചുക്കാന് പിടിക്കുന്നതെന്നും കെ സുധാകരന് കുറ്റപ്പെടുത്തി.
അതിവേഗ റെയില്പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവും ഡിഎംആര്സി മുന് ഉപദേഷ്ടാവ് ഇ ശ്രീധരനും തമ്മില് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിവേഗ റെയിലുമായി ബന്ധപ്പെട്ട് ഡിപിആര് തയ്യാറാക്കാന് ഡിഎംആര്സിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള് വിശദീകരിച്ച് ഇ ശ്രീധരന് ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു. തിരുവനന്തപുരം-കണ്ണൂര് അതിവേഗ റെയില്പാത അഞ്ച് വര്ഷത്തിനുള്ളില് യാഥാര്ത്ഥ്യമാകുമെന്നായിരുന്നു ശ്രീധരന് പറഞ്ഞത്. തിരുവനന്തപുരം വരെ കണ്ണൂര് വരെ ആദ്യ ഘട്ടത്തില് പതിനാല് സ്റ്റോപ്പുകളായിരിക്കും ഉണ്ടായിരിക്കുകയെന്നും ഇത് പിന്നീട് 22 ആയി ഉയര്ത്തുമെന്നും ശ്രീധരന് പറഞ്ഞിരുന്നു. കെ റെയിലിന് സമാനമായി അതിവേഗ റെയില്പദ്ധതിക്കെതിരെ സമരമുണ്ടാകരുതെന്നും ശ്രീധരന് ആവശ്യപ്പെട്ടിരുന്നു.
Content Highlights- K Sudhakaran stated that the party will organise protests against the proposed high speed rail project