ബസില്‍ ഒരാള്‍ ശല്യം ചെയ്‌തെന്ന് പരാതി; ഷിംജിതയുടെ പേരില്‍ പരാതി നല്‍കി സഹോദരന്‍

ഇ-മെയിൽ വഴി ഇന്നാണ് പൊലീസിൽ പരാതി നൽകിയത്

കോഴിക്കോട്: ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമത്തിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ജീവനൊടുക്കിയതിൽ പ്രതിയായ ഷിംജിത മുസ്തഫയുടെ പേരിൽ പയ്യന്നൂർ പൊലീസിൽ പരാതി. ഷിംജിതയുടെ സഹോദരനാണ് പരാതി നൽകിയത്. റെയിൽവെ സ്റ്റേഷനിൽ നിന്നും പയ്യന്നൂർ സ്റ്റാൻ്റിലേക്കുള്ള ബസ് യാത്രയിൽ ഒരാൾ ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് പരാതി. പരാതിയിൽ ആരുടെയും പേര് വ്യക്തമാക്കിയിട്ടില്ല. ഇ-മെയിൽ വഴി ഇന്നാണ് പൊലീസിൽ പരാതി നൽകിയത്.

കണ്ണൂരിലേക്കുള്ള യാത്രയിൽ ബസിൽവെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്ന തരത്തിൽ വീഡിയോ സഹിതം ഷിംജിത മുസ്തഫ സമൂഹമാധ്യമത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബർ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഞായറാഴ്ചയാണ് ദീപക്കിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ദീപക്കിന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ ഷിംജിതക്കെതിരെ കേസ് എടുക്കുകയായിരുന്നു. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ഷിംജിതയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഷിംജിതയുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.

അതേസമയം ഷിംജിത മുസ്തഫക്കെതിരായ പൊലീസ് റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നു. ബസിൽവെച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്ന ഷിംജിതയുടെ ആരോപണത്തെ തള്ളുന്ന വിവരങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ബസിൽവെച്ച് അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ബസിൽവെച്ച് ദീപക്കിനെ ഉൾപ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലിൽ ചിത്രീകരിച്ചത്. ഇവ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചതായും കണ്ടെത്തി.

പോസ്റ്റ് ഗ്രാജ്വേറ്റും അസിസ്റ്റന്റ് പ്രൊഫസർ ക്വാളിഫൈഡുമായ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രതി മലപ്പുറം അരീക്കോട് പഞ്ചായത്തിലെ മുൻ വാർഡ് മെമ്പർ ആയിരുന്നു. നിയമത്തെകുറിച്ച് മതിയായ അവബോധം ഉള്ള ആളാണ്. എന്തെങ്കിലും ദുരനുഭവം ഉണ്ടായാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ നിയമധാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുള്ള വീഡിയോകൾ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചാൽ കുറ്റാരോപിതൻ പ്രസ്തുത വീഡിയോ കണ്ട് മാനഹാനി നേരിട്ട് മനം നൊന്ത് ആത്മഹത്യ ചെയ്യാമെന്ന്‌ വ്യക്തമായ അറിവും ബോധവും പ്രതിക്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

Content Highlight : Complaint alleging harassment by a man on the bus; Shimjitha's brother files complaint in her name. A complaint has been filed alleging that a man touched her body with sexual intent during a bus journey from the railway station to Payyannur station.

To advertise here,contact us