ദീപക്കിന്‍റെ മരണം; ഷിംജിതക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി, അന്വേഷണം ഊർജിതമാക്കി പൊലീസ്

ഷിംജിത വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയത്

കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ പകർത്തി പങ്കുവെച്ച ഷിംജിത മുസ്തഫക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. വടകര സ്വദേശി ഷിംജിത നിലവിൽ ഒളിവിൽ തുടരുകയാണ്. ഇവർ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയത്. ഷിംജിതയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിരിക്കയാണ് പൊലീസ്.

സംഭവവുമായി ബന്ധപ്പെട്ട് ഡിസംബർ 19ന് തന്നെ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ യുവതി ഒളിവിൽ പോയി. ഇതിനിടെ ഇവർ മുൻകൂർ ജാമ്യത്തിനായി കോഴിക്കോട് ജില്ലാ കോടതിയിൽ അപേക്ഷ നൽകി. അഡ്വ. നൽസൺ ജോസ് മുഖാന്തരമാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്.

സംഭവത്തിൽ ഷിംജിതയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ ചെയ്ത ദീപക്കിന്റെ അമ്മ നൽകിയ പരാതിയിലാണ് കേസെടുത്തത്. മെഡിക്കൽ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകൻ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

അതിക്രമം നടന്നുവെന്ന് ആരോപിക്കപ്പെട്ട ബസിലെ ജീവനക്കാരുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. സംഭവ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്നായിരുന്നു ബസിലെ ജീവനക്കാർ റിപ്പോർട്ടറിനോട് പറഞ്ഞത്. പരാതി പറഞ്ഞിരുന്നുവെങ്കിൽ പൊലീസിൽ അറിയിക്കുമായിരുന്നുവെന്നും ബസ് ജീവനക്കാർ വ്യക്തമാക്കിയിരുന്നു.

കണ്ണൂരിലേക്കുള്ള യാത്രയിൽ ബസിൽവെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തിൽ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബർ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു ദീപക്കിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

Content Highlights:‌ police issued a lookout circular against shimjitha on kozhikode deepak death case

To advertise here,contact us