കണ്ണൂര്: തയ്യിലില് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില് അമ്മ കുറ്റക്കാരിയാണെന്ന് വിധിച്ചിരിക്കുകയാണ് കോടതി. കൃത്യമായ ആസൂത്രണത്തോടെയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ശേഷം കൊലപാതകക്കുറ്റം ഭര്ത്താവ് പ്രണവിന്റെ തലയില് കെട്ടി വെക്കാനായിരുന്നു ശരണ്യയുടെ പ്ലാന്.
ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു. ഏറെക്കാലത്തിനു ശേഷം ശരണ്യ വിളിച്ചിട്ടാണ് പ്രണവ് വീട്ടിലെത്തുന്നത്. തുടര്ന്ന് കുഞ്ഞിനെ കാണാതായ കുറ്റം ഭര്ത്താവിനുമേല് ആരോപിക്കുകയായിരുന്നു. ചോദ്യം ചെയ്യലില് ആദ്യമെല്ലാം ശരണ്യ പ്രണവിനെ പഴിചാരി. എന്നാല് മണിക്കൂറുകള് നീണ്ട ചോദ്യം ചെയ്യലിനൊടുവില് ശരണ്യയാണ് കുറ്റക്കാരിയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
2020 ഫെബ്രുവരി 17-ന് പുലര്ച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.സംഭവദിവസം രാത്രി രണ്ടുമണി കഴിഞ്ഞപ്പോഴാണ് ഭര്ത്താവിനൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ശരണ്യ സാവധാനം എടുത്തത്. ഉടനെ കുഞ്ഞും ഭര്ത്താവും ഉണര്ന്നു. ആസൂത്രണം പാളാതിരിക്കാന് പാല് കൊടുക്കാനെന്ന വ്യാജേന ശരണ്യ കസേരയില് കുറേനേരമിരുന്നു.
ഭര്ത്താവ് ഉറങ്ങിയെന്ന് മനസിലാക്കി പിന്വാതില് തുറന്ന് കുട്ടിയുമായി ഇടുങ്ങിയ വഴിയിലൂടെ മൊബൈല് ഫോണ് വെളിച്ചത്തില് കടല്ത്തീരത്തേക്ക് നടന്നു. തുടര്ന്ന് കുട്ടിയെ കടലിലേക്കിട്ടു. കുഞ്ഞ് കരഞ്ഞതോടെ വീണ്ടും എടുത്തു. പിന്നീട് വീണ്ടും കുഞ്ഞിനെ പാറക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. കല്ലില് ശക്തിയായി തലയിടിച്ചുണ്ടായ പരിക്കാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റ്മോര്ട്ടത്തില് വ്യക്തമായിരുന്നു.
കുഞ്ഞിനെ കാണാതായപ്പോള് ശരണ്യ ധരിച്ച വസ്ത്രത്തില് ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുണ്ടായതാണ് അന്വേഷണത്തില് വഴിത്തിരിവായത്.
കുറ്റം പ്രണവില് ചുമത്തിയ ശേഷം, കാമുകന് നിധിനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതി. ഫോണ് കോളുകള് പരിശോധിച്ചപ്പോഴാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ച് വിവരം ലഭിച്ചത്. കേസില് പ്രതി ശരണ്യ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണല് ജില്ലാ സെഷന്സ് കോടതിയാണ് വിധിച്ചിരിക്കുന്നത്. ശരണ്യയുടെ ആണ്സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ നിധിനെ വെറുതെവിട്ടു.
Content Highlights: thayil baby death was carried out with well planning by mother