കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; അമ്മ കുറ്റക്കാരിയെന്ന് കോടതി, ആൺസുഹൃത്തിനെ വെറുതെവിട്ടു

ഒരുമിച്ച് താമസിക്കുന്നതിന് വേണ്ടി രണ്ടാം പ്രതി കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്ന് പറയാന്‍ കഴിയില്ലെന്നും കോടതി

കണ്ണൂര്‍: തയ്യിലില്‍ ഒന്നര വയസുള്ള കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുമായ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. കൊലപാതകക്കുറ്റം തെളിഞ്ഞ സാഹചര്യത്തിലാണ് തളിപ്പറമ്പ് അഡീ. സെഷന്‍സ് കോടതിയുടെ വിധി.

രണ്ടാം പ്രതിയും ശരണ്യയുടെ ആണ്‍സുഹൃത്തുമായ നിധിനെ കോടതി വെറുതെ വിട്ടു. ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ല. ഒരുമിച്ച് താമസിക്കുന്നതിന് വേണ്ടി രണ്ടാം പ്രതി കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ചപറ്റിയെന്നും ചൂണ്ടിക്കാട്ടി.

2020 ഫെബ്രുവരിയിലാണ് ശരണ്യ തന്റെ ഒന്നര വയസുള്ള കുഞ്ഞിനെ കടല്‍ത്തീരത്തെ ഭിത്തിയില്‍ എറിഞ്ഞ് കൊന്നത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി ശരണ്യ ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കുഞ്ഞിനെ കാണാതായതോടെ അച്ഛന്‍ പ്രണവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പിന്നീട് നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിനൊടുവില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള പ്രദേശത്ത് നിന്നാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്നായിരുന്നു ശരണ്യ പൊലീസിന് നല്‍കിയ മൊഴി. കേസില്‍ 47 സാക്ഷികളെ വിസ്തരിച്ചു. മാസങ്ങള്‍ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറഞ്ഞത്.

സംഭവം നടന്ന് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം 2025 ജനുവരിയില്‍ ശരണ്യ ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന് സമീപത്ത് വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തിരുന്നു.

Content Highlights: court has found Saranya the mother and first accused guilty in the Thayil case

To advertise here,contact us