ഭരണഘടനയുടെ ഉത്തരവാദിത്വം മലയാളികളുടെ കൈകളിൽ, നിങ്ങൾ ഒരുമിച്ച് നിൽക്കും എന്ന് ഉറപ്പുണ്ട്: രാഹുൽ ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വിജയം ഉറപ്പാണെന്ന് രാഹുൽ ഗാന്ധി

കൊച്ചി: മലയാളക്കരയെ ആർക്കും നിശബ്ദരാക്കാൻ സാധിക്കില്ല എന്നതിന്റെ തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എന്ന് രാഹുൽ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വിജയം ഉറപ്പാണെന്നും അതിനായി കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ച് നിൽക്കുമെന്നാണ് തന്റെ വിശ്വാസമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന കെപിസിസി മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

പ്രസംഗത്തിൽ രാഹുൽ ലീലാവതി ടീച്ചറെയും പരാമർശിച്ചു. രാജ്യത്ത് എങ്ങനെ സാംസ്കാരിക നിശബ്ദത പടരുന്നു എന്ന് ലീലാവതി ടീച്ചർ മനസലാക്കിത്തന്നുവെന്ന് രാഹുൽ പറഞ്ഞു. ഇതിന് പിന്നാലെ ആർഎസ്എസ്, ബിജെപിക്കെതിരെ രാഹുൽ രൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തു. ആശയപരമായി സാംസ്കാരിക നിശബ്ദത അടിച്ചേൽപ്പിക്കുകയാണ് ആർഎസ്എസും ബിജെപിയുമെന്ന് രാഹുൽ പറഞ്ഞു. ഇന്ത്യ നിശബ്ദമായിരിക്കണമെന്നാണ് അവരുടെ ആഗ്രഹം. എന്നാൽ മലയാളക്കരയെ നിശബ്ദമാക്കാൻ ആർക്കും സാധിക്കില്ല എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിൻ്റെ തെളിവാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം ഉറപ്പാണ്. കേരളത്തിലെ നേതാക്കളിൽ നിന്നുള്ള പ്രതികരണങ്ങൾ കേട്ടപ്പോൾ തനിക്ക് വിജയം ഉറപ്പാണെന്ന് തീർച്ചയായി എന്നും രാഹുൽ കൂട്ടിച്ചേർത്തു. കേരളത്തിൽ തൊഴില്ലായ്മ വലിയ പ്രശ്നമാണെന്നും യുഡിഎഫ് അത് പരിഹരിക്കുമെന്നും രാഹുൽ ഉറപ്പ് നൽകി.

കേരളത്തെ രാഹുൽ ഗാന്ധി പ്രകീർത്തിക്കുകയും ചെയ്തു. തനിക്ക് ഈ നാട്ടിൽ നിന്ന് ഒരുപാട് പാഠങ്ങൾ പഠിക്കാനായി. ഈ നാടിന്റെ രാഷ്ട്രീയ ബോധത്തെയും ഐക്യത്തെയും സംസ്കാരത്തെയും ഞാൻ ബഹുമാനിക്കുകയാണ്. കേരളത്തിൽ നിന്ന് വിജയിക്കാനായത് തനിക്ക് അഭിമാനമാണ്. കേരളത്തിൽ മത്സരിക്കാൻ പ്രിയങ്ക തീരുമാനിച്ചതും തന്നെ സംബന്ധിച്ചിടത്തോളം ഒരു വൈകാരിക തീരുമാനം കൂടിയായിരുന്നു. കേരളത്തിലെ ജനതയിൽ നിന്ന് തൻ്റെ സഹോദരിക്ക് ഒരുപാട് അറിവുകൾ കിട്ടി. ഇന്ത്യൻ ഭരണഘടനയുടെ ഉത്തരവാദിത്വം മലയാളികളുടെ കൈകളിലാണെന്നും നിശബ്ദതയുടെ സംസ്കാരം വളരാൻ നിങ്ങൾ അനുവദിക്കരുതെന്നും രാഹുൽ പറഞ്ഞു.

ഐക്യത്തോടെ നിൽക്കാനുള്ള കേരളത്തിന്റെ കഴിവിനെയും രാഹുൽ പ്രശംസിച്ചു. വിവിധ ജാതികൾ, മതങ്ങൾ, ഭാഷകൾ, സംസ്കാരങ്ങൾ എന്നിവ ഒരുമിച്ചാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് രാഹുൽ പറഞ്ഞു. അതിന് കേരളമാണ് മാതൃക.വിജയത്തിനായി കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ച് നിൽക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Content Highlights: Rahul Gandhi Kerala: Rahul praises keralas ability to stand united at all cases

To advertise here,contact us