കുടുംബം ഉപേക്ഷിച്ച് അമ്മയെ നോക്കിയ മകള്‍; നടി ലൗലി ബാബുവിനെ തനിച്ചാക്കി അമ്മ യാത്രയായി

ഒരുപാട് സ്ഥലങ്ങളില്‍ അഭയം തേടാന്‍ ശ്രമിച്ചെങ്കിലും അമ്മയെ ഒറ്റയ്ക്കാക്കി മടങ്ങാന്‍ ലൗലി തയ്യാറല്ലായിരുന്നു

പത്തനാപുരം: ചലച്ചിത്ര-സീരിയല്‍-നാടക നടിയും പത്താനപുരം ഗാന്ധിഭവനിലെ അംഗവുമായ ലൗലി ബാബുവിന്റെ മാതാവ് കുഞ്ഞമ്മ പോത്തന്‍ (93) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.15 നായിരുന്നു അന്ത്യം. 93 വയസ്സിന്റെ അവശതകളും അസുഖങ്ങളും നേരിട്ടിരുന്ന അമ്മയെ പരിചരിച്ച് മകള്‍ ലൗലി എപ്പോഴും കൂടെയുണ്ടായിരുന്നു.

സ്വന്തം അമ്മയെ ഉപേക്ഷിക്കാനുള്ള ഭര്‍ത്താവിന്റെ പിടിവാശിക്ക് മുന്നില്‍ മുട്ടുമടക്കാതെ അമ്മയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച ചേര്‍ത്തല എസ് എല്‍ പുരം കുറുപ്പ് പറമ്പില്‍ ലൗലി ബാബു 2024 ജൂലൈ 16 നാണ് ഗാന്ധിഭവനില്‍ അഭയം തേടി എത്തിയത്. ഒരുപാട് സ്ഥലങ്ങളില്‍ അഭയം തേടാന്‍ ശ്രമിച്ചെങ്കിലും അമ്മയെ ഒറ്റയ്ക്കാക്കി മടങ്ങാന്‍ ലൗലി തയ്യാറല്ലായിരുന്നു. അങ്ങനെ തനിക്ക് കൂടി നില്‍ക്കാന്‍ പറ്റിയ സ്ഥലം അന്വേഷിക്കുമ്പോഴാണ് ഗാന്ധിഭവനക്കുറിച്ചറിയുന്നത്.

 ലൗലി ബാബുവിന്റെ ജീവിത കഥ മുഴുവനായും കേട്ട ശേഷം ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ ഇരുവരേയും ഗാന്ധിഭവനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാതാപിതാക്കളെ അനാഥാലയങ്ങളില്‍ കൊണ്ടു തള്ളുന്ന മക്കള്‍ക്ക് വലിയ പാഠമായിരുന്നു ഈ അമ്മ-മകള്‍ സ്‌നേഹമെന്ന് ഗാന്ധിഭവന്‍ അധികൃതരും വ്യക്തമാക്കുന്നു. അമ്മ കഷ്ടപ്പെട്ടുണ്ടാക്കിയ ഭൂമിയാണ് നാട്ടിലുള്ളത്. അമ്മയുടെ ആഗ്രഹംപോലെ അവിടെയായിരിക്കുന്ന അന്ത്യകര്‍മ്മങ്ങള്‍ നടക്കുക.

അമ്മയെ ഉപദ്രവിക്കുന്ന തരത്തിലുള്ള ലൗലി ബാബുവിന്റെ വീഡിയോ പുറത്ത് വന്നത് നേരത്തെ വലിയ ചർച്ചാ വിഷയമായിരുന്നു. എന്നാല്‍ ഇതിന് പിന്നിലെ കാരണം വ്യക്തമാക്കി നടി തന്നെ പിന്നീട് രംഗത്ത് വന്നു. അമ്മയുടെ അവസ്ഥ കൂടുതൽ മോശമായി വന്നപ്പോൾ മനോനില തെറ്റി ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയെപ്പോലും തനിക്ക് വേദനിപ്പിക്കേണ്ടി വന്നുവെന്നായിരുന്നു ലൗലി ബാബുവിന്റെ തുറന്ന് പറച്ചില്‍.

'എന്റെ വീട്ടിൽ 14 പട്ടിയുണ്ട് സാറേ. ഈ 14 പട്ടിക്കുള്ള പരി​ഗണന പോലും എനിക്കും എന്റെ അമ്മയ്ക്കും എന്റെ വീട്ടിൽ ഇല്ലായിരുന്നു. ഞാനൊരു വേലക്കാരി മാത്രമായിരുന്നു. വീട്ടു ചെലവ്, എന്റെ ചെലവ് ഇതിനിടയ്ക്ക് കാൻസർ വന്നപ്പോഴുള്ള ചികിത്സ, മക്കളുടെ പഠിത്തം. എന്റെ ഭർത്താവ് എപ്പോഴും പറയും പണമാണ് എന്റെ ദൈവമെന്ന്, പണമില്ലെങ്കിൽ ഒന്നുമില്ലെന്ന്.' ഗാന്ധിഭവന്റെ വൈസ് ചെയർമാൻ അമൽ പങ്കുവച്ച വീഡിയോയിലൂടെ ലൗലി ബാബു വ്യക്തമാക്കി.

പണമായിരുന്നു അദ്ദേഹത്തിന്റെ ദൈവം, ബന്ധങ്ങൾ അല്ല. ഒരു ദിവസം ഞാൻ 10 ദിവസം കഴിഞ്ഞേ വരത്തുള്ളൂ എന്ന് പറഞ്ഞു. ഞാൻ തിരിച്ചുവരുമ്പോൾ അമ്മ ഛർദ്ദിച്ചു കിടന്ന ആ ഛർദ്ദിൽ വരെ അവിടെ കിടപ്പുണ്ട്, പത്ത് ദിവസം. പിന്നെ ഞാൻ ഒരു ദിവസം ചെല്ലുമ്പോൾ ഡയപ്പർ മാറാതെ നാറ്റം വച്ച് എന്റെ അമ്മ കട്ടിലിൽ കുത്തിയിരിക്കുന്നു. ടോർച്ചറിങ്ങും ഹറാസ്മെന്റും ഭയങ്കരമാണ്. ഞാൻ മരിക്കാമെന്നാണ് ആദ്യം ആ​ഗ്രഹിച്ചത്. പിന്നെ ഞാൻ ഓർത്തു, ഞാൻ മരിച്ചാൽ എന്റെ അമ്മ കിടന്നാൽ ഇതിനേക്കാൾ ഭയങ്കര മോശമായിരിക്കുമെന്ന്.

അപ്പോൾ രണ്ട് പേരും കൂടി അങ്ങ് തീർന്നേക്കാം എന്ന് കരുതി. പിറ്റേദിവസം അമ്മയ്ക്ക് മരുന്ന് വാങ്ങിക്കാൻ ഡോക്ടറുടെ അടുത്ത് ചെന്നപ്പോഴാണ് പറഞ്ഞത്. ചേച്ചി ഇതൊന്നും വേണ്ട, അപ്പോൾ ഞാൻ പറഞ്ഞു, ഞാൻ അമ്മയെ ഉപദ്രവിച്ചു. എനിക്ക് സഹിക്കാൻ പറ്റുന്നില്ല. മന:പൂർവം അല്ലല്ലോ, ചേച്ചിയുടെ മാനസികനില അങ്ങനെ ആയതു കൊണ്ടല്ലേ. ഒന്നുകിൽ ചേച്ചി എങ്ങോട്ടെങ്കിലും മാറണം അമ്മയെയും കൊണ്ട് എന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെയാണ് ഞാൻ ഇവിടെ വന്നതെന്നും നേരത്തെ പുറത്തിറങ്ങിയ വീഡിയോയില്‍ ലൗലി ബാബു പറഞ്ഞു.

Content Highlights: Kunjamma Pothan, the mother of Malayalam actress Lovely Babu, has passed away

To advertise here,contact us