കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഈഴവ വിരോധിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരു പിന്നാക്കക്കാരൻ മുഖ്യമന്ത്രിയുടെ വണ്ടിയിൽ കയറാൻ പാടില്ല, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെ ഒട്ടും കയറ്റാൻ പാടില്ല എന്നതാണ് വി ഡി സതീശൻ്റെ നിലപാടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വണ്ടിയിൽ താൻ കയറിയത് വലിയൊരു കുറവായി വി ഡി സതീശൻ കാണുന്നുണ്ടെങ്കിൽ അയാളെയെല്ലാം ഊളൻപാറയ്ക്ക് അയക്കണ്ടെ. നടന്നുവരുന്ന തന്നെ മുഖ്യമന്ത്രി വണ്ടിയിൽ കയറ്റി കൊണ്ടുപോയത് വലിയ തെറ്റാണെന്നല്ലെ വ്യാഖ്യാനിക്കുന്നത് എന്നും വെള്ളാപ്പള്ളി ചോദിച്ചു.
ഈഴവനായ കെ സുധാകരൻ കെപിസിസി പ്രസിഡൻ്റായിരുന്നപ്പോൾ വി ഡി സതീശൻ അദ്ദേഹത്തെ വിട്ടിട്ടുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. വിമർശിച്ച് വിമർശിച്ച് കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും കരുത്തനായ കെ സുധാകരനെ കളഞ്ഞു. വാക്കുകളിൽ മിടുക്കനായി പോകുന്നുവെങ്കിലും പ്രവർത്തിയിൽ എങ്ങനെ വരുമെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. താൻ ആരെയും വെല്ലുവിളിക്കാൻ ഇല്ലെന്നും എന്നാൽ ഒരു രാഷ്ട്രീയ മര്യാദയും സാമുദായിക മര്യാദയും കാണിക്കേണ്ടതുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ഈഴവസമുദായത്തെ ഒരു കറിവേപ്പിലയായിട്ടാണ് കാണുന്നതെങ്കിൽ വി ഡി സതീശന് തെറ്റുപറ്റിയെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു. വർഗീയവാദികൾക്ക് കുടപിടിച്ച് കൊടുത്ത് ആ തണലിൽ വർഗീയവാദികളെ സംരക്ഷിക്കുന്ന നേതാവാണ് വി ഡി സതീശനെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി. രാഷ്ട്രീയ മോഹങ്ങളും നാളെ പല സ്ഥാനങ്ങളും ഓപ്പറേറ്റ് ചെയ്ത് കിട്ടാനാണ് വി ഡി സതീശൻ ഇങ്ങനെ ചെയ്യുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. വി ഡി സതീശൻ അദ്ദേഹത്തിൻ്റെ കർമ്മം ചെയ്യട്ടെ. താൻ തൻ്റെ കർമ്മവും ചെയ്യുമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ഭരിക്കുന്നത് ലീഗായിരിക്കും. ഉമ്മൻ ചാണ്ടി ഇരുന്നപ്പോൾ വകുപ്പെടുക്കുകയും മന്ത്രിമാരെ പ്രഖ്യാപിക്കുകയും ചെയ്തത് മലപ്പുറത്ത് നിന്നല്ലെ. അല്ലാതെ മുഖ്യമന്ത്രി അല്ലല്ലോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. ലീഗിനെ സുഖിപ്പിച്ച് നിർത്തി അധികാരത്തിൽ മുന്നോട്ട് കയറാനുള്ള അടവ് നയമാണ് വി ഡി സതീശൻ്റേതെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
ഇടതുമുന്നണി സർക്കാർ വന്നതിന് ശേഷം ഇവിടെയൊരു വർഗീയ കലാപം ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്താണ് മാറാട് കലാപമുണ്ടായത്. ഇപ്പോൾ കലാപമുണ്ടാക്കണമെന്ന് അവരിൽ ചിലർക്കുണ്ട്. അതിനാണ് മലപ്പുറം പ്രസംഗം പറഞ്ഞ് എന്നെ നിരന്തരം വേട്ടയാടുന്നത്. മലപ്പുറം പ്രസംഗം എന്തായിരുന്നെന്നും അതിൻ്റെ കാരണം എന്താണെന്നും ഞാൻ വ്യക്തമായി പറഞ്ഞതാണ്. ഒരു സമുദായത്തിനെതിരെയും പറഞ്ഞിട്ടില്ലെന്ന് വ്യക്തമായി പറഞ്ഞതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുസ്ലിം സമുദായത്തിനെതിരെ പറഞ്ഞിട്ടില്ല. മുസ്ലിം ലീഗിൻ്റെ പ്രവർത്തിയെക്കുറിച്ചാണ് പറഞ്ഞതെന്ന് ഏത്തമിട്ട് പറഞ്ഞിരുന്നു. എന്നാൽ അത് കേൾക്കാതെ പിന്നെയും നുണപറഞ്ഞ് അടിനെ പട്ടിയാക്കുക പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ടതിനെ തല്ലിക്കൊല്ലുക എന്ന അടവ് നയമാണ് മുസ്ലിം ലീഗ് നേതൃത്വം സ്വീകരിക്കുന്നത്. അവരത് പണ്ടും ചെയ്തിട്ടുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
Content Highlights:vellappally natesan alleges opposition leader vd satheesan