ഹരിതകര്‍മസേന അംഗങ്ങൾ ഏല്‍പ്പിച്ച ഒന്നരപ്പവന്‍റെ മോതിരം കാണാതായി; മുൻ നഗരസഭ അധ്യക്ഷനെതിരെ കേസെടുത്തു

ഹരിതകര്‍മസേന അംഗങ്ങൾക്ക് ലഭിച്ച മോതിരം കാണാതായ സംഭവത്തിൽ നൗഫല്‍ എസ് ചെമ്പകപ്പള്ളി നല്‍കിയ പരാതിയിലാണ് കേസ്

ആലപ്പുഴ: കായംകുളം നഗരസഭയില്‍ മോതിരം കാണാതായ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മുന്‍ നഗരസഭ അധ്യക്ഷ പി ശശികലയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഫല്‍ എസ് ചെമ്പകപ്പള്ളി നല്‍കിയ പരാതിയിലാണ് കേസ്. മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടെ ഹരിതകര്‍മസേന അംഗങ്ങൾക്ക് മോതിരം കളഞ്ഞു കിട്ടിയിരുന്നു. എന്നാല്‍ നഗരസഭ ഉദ്യോസ്ഥരെ ഏല്‍പ്പിച്ചതിന് പിന്നാലെ മോതിരം കാണാതാവുകയായിരുന്നു. മോതിരം ഉദ്യോസ്ഥരെ ഏല്‍പ്പിച്ചുവെന്നായിരുന്നു സംഭവത്തില്‍ നഗരസഭ മുന്‍ ചെയർപേഴ്സന്‍റെ വിശദീകരണം.

അതേസമയം ആരോപണത്തിന് പിന്നില്‍ തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണെന്നായിരുന്നു മുൻ നഗരസഭ ചെയർപേഴ്സൺ പി ശശികലയുടെ വാദം. താന്‍ മോതിരം വാങ്ങി എന്നുള്ള പ്രചാരണം വസ്തുത വിരുദ്ധമാണ്. രാജിയും ഹരിതയും മോതിരവുമായി നഗരസഭയില്‍ എത്തുകയും കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ മോതിരം സ്‌ട്രോങ് റൂമില്‍ വെക്കാന്‍ ജനറല്‍ സൂപ്രണ്ടിനെ ഏല്‍പ്പിച്ചിരുന്നു. ഹരിത കര്‍മസേന അംഗങ്ങളുടെ മുന്നില്‍ വച്ചാണ് മോതിരം കൈമാറിയതെന്നും പി ശശികല പറഞ്ഞിരുന്നു.

2023 ഡിസംബര്‍ 22നാണ് നഗരസഭയിലെ ഹരിതകര്‍മ സേന അംഗങ്ങളായ രാജിക, ശ്രീവിദ്യ എന്നിവര്‍ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ സ്വര്‍ണ മോതിരം ലഭിച്ചത്. ഇരുവരും ചേര്‍ന്ന് മോതിരം നഗരസഭയില്‍ ഏല്‍പ്പിച്ചു. 11 ഗ്രാം തൂക്കമുണ്ടെന്ന് പറയപ്പെടുന്ന മോതിരം പിന്നീട് കാണാതാവുകയായിരുന്നു.

Content Highlight; Missing ring incident in Kayamkulam Municipality; Police register case against former municipality chairman

To advertise here,contact us