'ജോണ്‍ ബ്രിട്ടാസ് ഫാന്‍സ്','കമ്മ്യൂണിസ്റ്റ് കേരള',പേജുകള്‍ക്കെതിരെ ഷാനിമോള്‍ ഉസ്മാന്‍റെ പരാതിയില്‍ കേസെടുത്തു

കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായിരുന്ന ഐഷ പോറ്റിയുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ ഷാനി മോള്‍ ഉസ്മാന്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു

ആലപ്പുഴ: പാര്‍ട്ടി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നേക്കുമെന്ന വ്യാജ പ്രചരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ഷാനി മോള്‍ ഉസ്മാന്‍ നല്‍കിയ പരാതിയില്‍ കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. 'കമ്മ്യൂണിസ്റ്റ് കേരള', 'ജോണ്‍ ബ്രിട്ടാസ് ഫാന്‍സ് ഗ്രൂപ്പ്' എന്നീ പേജുകള്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ഷാനി മോള്‍ ഉസ്മാന്റെ മൊഴിയെടുത്തു.

കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായിരുന്ന ഐഷ പോറ്റിയുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ ഷാനി മോള്‍ ഉസ്മാന്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വിഷയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വിടുന്നു, പി രാജീവുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്ന തരത്തിലായിരുന്നു പ്രചരണം.

വ്യാപക പ്രചരണത്തെ തള്ളി ഷാനിമോള്‍ ഉസ്മാന്‍ രംഗത്തെത്തിയിരുന്നു. മരണം വരെ കോണ്‍ഗ്രസുകാരിയായി തുടരുമെന്നും പ്രചരണത്തിന് പിന്നില്‍ ദുരുദ്ദേശമാണെന്നുമായിരുന്നു ഷാനിമോള്‍ പ്രതികരിച്ചത്. വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷാനിമോള്‍ പറഞ്ഞിരുന്നു.

പ്രചരണത്തിന് പിന്നില്‍ സിപിഐഎം ആണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് പൊതുരാഷ്ട്രീയത്തില്‍ നിലയുറപ്പിച്ചയാളാണ് താന്‍. സിപിഐഎമ്മിന്റെ ഇരട്ടത്താപ്പാണ് തനിക്കെതിരായ പ്രചാരണത്തിന് പിന്നില്‍. പാര്‍ട്ടി വിട്ട ഐഷ പോറ്റി മാത്രമെങ്ങനെയാണ് വര്‍ഗവഞ്ചകരാകുന്നതെന്നും സരിനും ശോഭനാ ജോര്‍ജും പാര്‍ട്ടിയില്‍ ചേരുമ്പോള്‍ എങ്ങനെയാണ് വര്‍ഗവഞ്ചകരാകുന്നതെന്നും ഷാനിമോള്‍ ഉസ്മാന്‍ ചോദിച്ചു.

Content Highlight:Case against john britas Fan Page Group Over shanimo Osman Complaint

To advertise here,contact us