'അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല, അഭിപ്രായം മാത്രമാണ് പറഞ്ഞത്'; ഫെന്നി നൈനാൻ ഹൈക്കോടതിയിൽ

ഫെന്നി നൈനാനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് എഫ്‌ഐആറിലുണ്ടായിരുന്നത്

കൊച്ചി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സുഹൃത്തും യൂത്ത് കോൺഗ്രസ് നേതാവുമായ ഫെന്നി നൈനാന്‍ ഹൈക്കോടതിയില്‍. സൈബര്‍ അധിക്ഷേപത്തിന് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹെെക്കോടതിയെ സമീപിച്ചത്. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും വ്യക്ത്യാധിക്ഷേപമോ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോ നടത്തിയില്ലെന്നുമാണ് ഫെന്നിയുടെ വാദം.

ബലാത്സംഗ പരാതിയെക്കുറിച്ചുള്ള അഭിപ്രായം മാത്രമാണ് പറഞ്ഞത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ് താന്‍ നടത്തിയത്. കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന നിര്‍ദേശം പൊലീസിന് നല്‍കണമെന്നും ഫെന്നി നൈനാന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ഫെന്നി നൈനാനെതിരായ ഗുരുതര പരാമര്‍ശങ്ങളാണ് എഫ്‌ഐആറിലുണ്ടായിരുന്നത്. ഫെന്നി അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നത്. അതിജീവിതയുടെ സ്ത്രീത്വത്തിന് അപമാനമുളവാക്കിയെന്നും പരാമര്‍ശമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത നല്‍കിയ പരാതിക്ക് പിന്നാലെ ചുമത്തിയ എഫ്‌ഐആറിലാണ് ഗുരുതര പരാമര്‍ശങ്ങള്‍.

അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കുറ്റവും സ്ത്രീത്വത്തെ അപമാനിച്ച വകുപ്പും ഫെന്നിക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസ് തിരുവനന്തപുരം സൈബര്‍ പൊലീസ് പത്തനംതിട്ട സൈബര്‍ പൊലീസിന് കൈമാറി. രാഹുലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബര്‍ ഇടത്തില്‍ അധിക്ഷേപിച്ചതിനായിരുന്നു സൈബര്‍ പൊലീസ് കേസെടുത്തത്. പരാതിക്കാരിയെ അധിക്ഷേപിക്കാനെന്ന ഉദ്ദേശത്തോടെ ചാറ്റ് ഉള്‍പ്പെടെ പരസ്യമാക്കിയതിലാണ് നടപടി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ അതിജീവിതയുമായി നടത്തിയ വാട്സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഫൈന്നി സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചത്. നേരത്തെയും രാഹുലിനെ ന്യായീകരിച്ച് ഫെന്നി രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെ പങ്കുവെച്ചത്.

ഈ പരാതിയിലും രണ്ടാമത്തെ ബലാത്സംഗ പരാതിയിലും ഫെന്നി നൈനാന്റെ പേര് പരാമര്‍ശിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡിപ്പിച്ച വിവരവും താന്‍ ഗര്‍ഭിണിയാണെന്ന വിവരവും ഫെന്നി നൈനാന് അറിയാമായിരുന്നുവെന്നാണ് മൂന്നാമത്തെ പരാതിക്കാരിയുടെ മൊഴി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോംസ്റ്റേയില്‍ എത്തിച്ച് തന്നെ പീഡിപ്പിച്ചെന്നും അവിടേക്ക് കൊണ്ടുപോകാനായി വന്ന രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാന്‍ ഉണ്ടായിരുന്നെന്നും കാര്‍ ഓടിച്ചത് അദ്ദേഹമാണെന്നും രണ്ടാമത്തെ അതിജീവിത പരാതിയില്‍ പറഞ്ഞിരുന്നു.

Content Highlights: fenni nainan youth congress leader friend of rahul mamkootathil mla moves high court

To advertise here,contact us