തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കുന്നത് സംബന്ധിച്ച് സഭയ്ക്ക് അകത്തുള്ള സാമാജികർ പരാതി നൽകിയാൽ അത് പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് കൈമാറുമെന്ന് സ്പീക്കർ എ എൻ ഷംസീർ. പുറത്തുനിന്ന് വരുന്ന പരാതികളിൽ നടപടി എടുക്കാൻ സാധിക്കില്ലെന്നും സൂക്ഷിച്ച് എടുക്കേണ്ട തീരുമാനമാണിതെന്നും ഷംസീർ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു സ്പീക്കറുടെ പ്രതികരണം.
ഇത്തരം വിഷയങ്ങളിൽ മുൻകാല അനുഭവം സഭയ്ക്ക് ഇല്ല. മുൻകാലത്ത് ഇത്തരത്തിലുള്ള പരാതി ഒരു എംഎൽഎക്കെതിരെയും ഉയർന്നിട്ടില്ല. എത്തിക്സ് ആൻഡ് പ്രവിലേജസ് കമ്മിറ്റിയുടെ തീരുമാനത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണെന്നും ഷംസീർ വ്യക്തമാക്കി.
രാഹുലുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങൾ നിയമസഭയുടെ അന്തസ്സിന് കളങ്കം വരുത്തിയിട്ടില്ല. ആദ്യം സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിക്കണം. ഓരോ വ്യക്തിയുമാണ് അത് ചിന്തിക്കേണ്ടത്. ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടതാണെന്ന് കരുതി മുഴുവൻ മാങ്ങയും കെട്ടതാകില്ല. സമൂഹം ഇത്തരക്കാരെ ബോയ്ക്കോട്ട് ചെയ്യാൻ തീരുമാനിക്കണം. എംഎൽഎ സ്ഥാനം രാജിവെയ്ക്കണമോ എന്നത് തീരുമാനിക്കേണ്ടത് ആ വ്യക്തിയാണെന്നും ഷംസീർ പറഞ്ഞു. അതേസമയം ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ചാൽ രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തിയാലോ എന്ന ചോദ്യത്തിന് അത് ആ പാർട്ടിയാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു ഷംസീറിന്റെ പ്രതികരണം.
നിയമസഭാ സമ്മേളനം ഈ മാസം 20 മുതൽ നടക്കുമെന്നും ഷംസീർ അറിയിച്ചു. 26 ന് ബജറ്റ് അവതരിപ്പിക്കും. 32 ദിവസം സഭ സമ്മേളിക്കും. മാർച്ച് 26ന് അവസാനിക്കും. ഈ സഭാ സമ്മേളനം സമാധാനപരമായിരിക്കുമെന്നും പ്രതിപക്ഷവും ഭരണപക്ഷവും ഇതുവരെ സഹകരിച്ചിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തിന്റെ അഞ്ചാമത് എഡിഷനും അദ്ദേഹം പ്രഖ്യാപിച്ചു. 2027 ജനുവരിയിൽ നിയമസഭാ പുസ്തകോത്സത്തിന്റെ അഞ്ചാം എഡിഷൻ നടക്കും.
Content Highlights : Speaker A N Shamseer responds on the matter of disqualifying Rahul Mamkootathil