തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയ വാജി വാഹനം കോടതിയിൽ നല്കി പ്രത്യേക അന്വേഷണ സംഘം. കൊല്ലം വിജിലൻസ് കോടതിയിലാണ് വാജി വാഹനം നൽകിയിരിക്കുന്നത്. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രി കണ്ഠരര് രാജീവര് കൈവശം വെച്ചിരിക്കുകയായിരുന്നു. വർഷങ്ങൾ പഴക്കമുള്ള ശിൽപ്പമാണ് വാജിവാഹനം. 11കിലോ തൂക്കം വരുന്ന പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞതാണ് വാജി വാഹനം. നിര്ണായകമായ ഒരു നീക്കമാണ് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്.
2017ലാണ് ശബരിമലയില് ഉണ്ടായിരുന്ന വളരെ മൂല്യമുള്ള വാജി വാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത്. വിവാദങ്ങളെ തുടർന്ന് വാജി വാഹനം തിരികെ നല്കാൻ തയ്യാറാണെന്ന് ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. കട്ടിളപ്പാളി കേസില് തന്ത്രിയെ അറസ്റ്റ് ചെയ്തതിന് ശേഷം എസ്ഐടി സംഘം തന്ത്രിയുടെ വീട്ടില് റെയിഡ് നടത്തുകയും വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
ശബരിമല സ്വര്ണക്കൊള്ള കേസില് തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിന് എസ്ഐടിക്ക് ഇന്ന് കോടതി അനുമതി നല്കി. ദ്വാരപാലക പാളി കേസില് തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള അനുമതിയാണ് കൊല്ലം വിജിലന്സ് കോടതി നല്കിയത്. നിലവില് കട്ടിളപ്പാളി കേസില് അറസ്റ്റിലായതിനെ തുടര്ന്ന് പൂജപ്പുര സെന്ട്രല് ജയിലില് തുടരുകയാണ് കണ്ഠരര് രാജീവര്.
സ്വര്ണക്കൊള്ള കേസില് ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാറിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. 14 ദിവസത്തേക്ക് പത്മകുറിനെ റിമാന്ഡ് ചെയ്യാന് കൊല്ലം വിജിലന്സ് കോടതി ഉത്തരവിട്ടു. മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില് ഹൈക്കോടതി വിധി ഇന്നത്തേക്ക് മാറ്റിയിരുന്നു. എ പത്മകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ ജാമ്യ ഹര്ജി പരിഗണിച്ച ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
പന്ത്രണ്ടാം പ്രതി പങ്കജ് ഭണ്ഡാരിയും ഇന്ന് ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റും എസ്ഐടിയുടെ നടപടിക്രമങ്ങളും നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് സ്മാര്ട്ട് ക്രിയേന് സിഇഒ പങ്കജ് ഭണ്ഡാരി ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് ചെയ്തത് മതിയായ കാരണങ്ങള് അറിയിക്കാതെയായിരുന്നുവെന്നും പങ്കജ് ഭണ്ഡാരി വാദിച്ചു. പങ്കജ് ഭണ്ഡാരിയുടെ ഹര്ജിയില് എസ്ഐടിയോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തില് ഒരാഴ്ച്ചയ്ക്കകം മറുപടി നല്കാനാണ് ഹൈക്കോടതി നിര്ദേശം. ജസ്റ്റിസ് എ ബദറുദ്ദീന് അധ്യക്ഷനായ സിംഗിള് ബെഞ്ചിന്റേതാണ് നടപടി. കേസ് അടുത്ത ബുധനാഴ്ച്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
അതേസമയം ശബരിമല സ്വര്ണക്കൊള്ള കേസില് എസ്ഐടിയെ ഹൈക്കോടതി രൂക്ഷമായി വിമര്ശിച്ചിരുന്നു. ദേവസ്വം ബോര്ഡ് മുന് അംഗമായ കെ പി ശങ്കര് ദാസിന്റെ അറസ്റ്റ് വൈകുന്നതിലായിരുന്നു വിമര്ശനം. ശങ്കര് ദാസിന്റെ മകന് എസ്പി ആയതിനാലാണോ അറസ്റ്റ് വൈകുന്നതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ശബരിമല സ്വര്ണക്കൊള്ള കേസില് ആദ്യഘട്ട ജാമ്യ ഹര്ജികള് പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമര്ശനം.
സ്വര്ണക്കൊള്ളയില് ദേവസ്വം ബോര്ഡിനെയും ഹൈക്കോടതി രൂക്ഷമായി വിമര്ശിച്ചിരുന്നു. എല്ലാ കാര്യങ്ങളും ഉണ്ണികൃഷ്ണന് പോറ്റിയെ ഏല്പ്പിക്കാനാണെങ്കില് പിന്നെ എന്തിനാണ് സംസ്ഥാനത്ത് ദേവസ്വം ബോര്ഡ് എന്ന് ഹൈക്കോടതി സിംഗിള് ബെഞ്ച് ചോദിച്ചിരുന്നു. ഗോവര്ദ്ധന്റെ ജാമ്യഹര്ജിയുടെ പലഭാഗങ്ങളിലും ഉണ്ണികൃഷ്ണന് പോറ്റിയുടെ പേര് പരാമര്ശിച്ചതിലായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
Content Highlight : The Special Investigation Team submitted the Vaji Vahanam seized from the residence of Thantri kandararu rajeevaru to the court.