കോഴിക്കോട്ടെ ബിജെപി നേട്ടത്തിന് കാരണം കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കെന്ന് കോഴിക്കോട് മേയര്‍

കോഴിക്കോട് കോർപ്പറേഷനിൽ ബിജെപി അംഗത്തിന് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ലഭിച്ചത്തിന് പിന്നാലെ പ്രതികരണവുമായി കോഴിക്കോട് മേയർ

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ബിജെപി അംഗത്തിന് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ലഭിച്ചത്തിന് പിന്നാലെ പ്രതികരണവുമായി കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ സദാശിവൻ. നികുതികാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ സ്ഥാനം ബിജെപിയ്ക്ക് ലഭിച്ചതിൽ യുഡിഎഫ് മറുപടി പറയണമെന്നും ഒ സദാശിവൻ പറഞ്ഞു.

രണ്ട് സീറ്റ് വിജയിക്കാൻ യുഡിഎഫിന് സാധ്യതയുണ്ടായിരുന്നുവെന്നും കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് ബിജെപിയുടെ വിജയത്തിന് കാരണമായെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി യോജിച്ചത് കോൺഗ്രസ് നേതൃത്വത്തിൻ്റെ അറിവോടെ. എൽഡിഎഫിന് ജയിക്കാവുന്ന കമ്മിറ്റികളിൽ എൽഡിഎഫ് ജയിച്ചു. രാഷ്ട്രീയപരമായ നിലപാട് എൽഡിഎഫ് സ്വീകരിച്ചു. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് കാരണം ചിലർ ബിജെപിയെ സഹായിക്കാൻ തീരുമാനിച്ചുവെന്നും ഒ സദാശിവൻ പറഞ്ഞു.

കോഴിക്കോട് കോർപ്പറേഷനിൽ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സിപിഐഎം കൗൺസിലർ വിട്ടുനിന്നതിനെ തുടർന്നാണ് ബിജെപി അംഗം വിനീത സജീവൻ നികുതികാര്യ സ്ഥിരംസമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. കോർപറേഷന്‍റെ ചരിത്രത്തിൽ ആദ്യമായാണ് നികുതികാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം ബിജെപിക്ക് ലഭിക്കുന്നത്.

ഒമ്പതംഗ നികുതികാര്യ സ്ഥിരംസമിതിയിൽ നാല് യുഡിഎഫ്, നാല് ബിജെപി, ഒരു എൽഡിഎഫ് എന്നിങ്ങനെയാണ് അംഗങ്ങളുടെ എണ്ണം. വോട്ടെടുപ്പ് നടന്നപ്പോൾ എൽഡിഎഫ് അംഗം വിട്ടുനിന്നു. ഇതോടെ യുഡിഎഫ്, ബിജെപി അംഗങ്ങൾ നാലുവീതമായി. ഇതേതുടർന്ന് നടന്ന നറുക്കെടുപ്പിലാണ് ബിജെപി അംഗം വിനീത സജീവൻ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്.

Content Highlight : Kozhikode Corporation Mayor O. Sadashivan responds after BJP member gets standing committee chairperson post in Kozhikode Corporation

To advertise here,contact us