'ആദ്യം സ്വന്തം പാർട്ടിയിലേക്ക് നോക്കൂ; ഇത്തരം കാര്യങ്ങളിൽ ഉപദേശം വേണ്ട'; രാഹുലിന്റെ അറസ്റ്റിൽ ഷാഫി പറമ്പിൽ

നിയമപരമായി കാര്യങ്ങള്‍ നടക്കട്ടെയെന്നും ഷാഫി

തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നടപടി എടുത്തെന്ന് ഷാഫി പറമ്പില്‍ എംപി. രാഹുലുമായുള്ള തന്റെ സൗഹൃദം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതില്‍ തടസം ആയിട്ടില്ലെന്നും നിയമപരമായി കാര്യങ്ങള്‍ നടക്കട്ടെയെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. രാഹുല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമല്ല. എല്ലാത്തിനുമുള്ള മറുപടി മുതിര്‍ന്ന നേതാക്കള്‍ നല്‍കിയിട്ടുണ്ട്. ഉപദേശിക്കാന്‍ വരുന്നവര്‍ സ്വന്തംപാര്‍ട്ടിയിലേക്ക് നോക്കണമെന്നും അവരുടെ ഉപദേശം ഇത്തരം കാര്യങ്ങളില്‍ വേണ്ടെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

വടകരയിലെ ഫ്ലാറ്റ് ആരോപണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അത്തരം ആരോപണങ്ങള്‍ക്ക് താന്‍ എന്തിന് മറുപടി പറയണമെന്നായിരുന്നു പ്രതികരണം. 'എനിക്ക് അവിടെ ഫ്ലാറ്റ് ഉണ്ടോ? ഞാന്‍ എന്തിനാണ് അതില്‍ മറുപടി പറയുന്നത്?', ഷാഫി പറമ്പില്‍ ചോദിച്ചു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പദവിയില്‍ തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തി കഴിഞ്ഞെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പ്രതികരിച്ചു. രാഹുൽ എത്രയും പെട്ടെന്ന് ആ സ്ഥാനം ഒഴിന്നുയുവോ അത്രയും നല്ലതെന്നും ആരെങ്കിലും പറയുന്നത് കാത്തു നില്‍ക്കാതെ രാജി വെയ്ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുള്ള ആക്ഷേപങ്ങള്‍ക്കും ഇടവരുത്തരുത്. ലൈംഗിക കുറ്റകൃത്യം ഒരിക്കലും ഭൂഷണമല്ല. കേരള സമൂഹത്തിനും നിയമസഭയ്ക്കും അപമാനമാണ്. രാജി നിയമവശങ്ങള്‍ പരിശോധിച്ച് നടപടി എടുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ഇന്നലെയാണ് രാഹുലിനെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസിലായിരുന്നു അറസ്റ്റ്.

Content Highlights: rahul mamkootathil allegation party action taken immediately says shafi parambil mp

To advertise here,contact us