കേരളത്തില്‍ ഇത്തവണ പൊങ്കല്‍ അവധി എന്ന്? കാത്തിരിപ്പ്.. കഴിഞ്ഞ തവണ അവധി 6 ജില്ലകളില്‍

തമിഴ്നാട്ടിലെ മാത്രമല്ല, ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ജനിപ്രിയമായ വിളവെടുപ്പ് ഉത്സവമായി പൊങ്കല്‍ മാറുന്നു

മലയാളികള്‍ക്ക് ഓണം പോലെ തമിഴ് ജനതയ്ക്കുള്ള ആഘോഷമാണ് പൊങ്കല്‍. തമിഴ്നാട്ടിലെ മാത്രമല്ല, ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ജനപ്രിയമായ വിളവെടുപ്പ് ഉത്സവമായി പൊങ്കല്‍ മാറുന്നു. തമിഴ്നാടിന് പുറമെ തെലങ്കാന, കർണാടക, ആന്ധ്രപ്രദേശ്, കേരളത്തിന്‍റെ ഏതാനും ജില്ലകള്‍ എന്നിവിടങ്ങളിലും പൊങ്കല്‍ ആഘോഷിക്കുന്നു. പൊങ്കല്‍ ആഘോഷിക്കുന്നതിനായി ഇത്തവണ തമിഴ്നാട് സർക്കാർ ഭക്ഷ്യവസ്തുക്കളും 3000 രൂപയും അടങ്ങുന്ന കിറ്റും വിതരണം ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ റേഷന്‍കാർഡ് ഉടമകളും ഈ കിറ്റിന് അർഹരായിരിക്കും.

പതിവുപോലെ പൊങ്കലിനോട് അനുബന്ധിച്ച നീണ്ട അവധി ദിനങ്ങളാണ് തമിഴ്നാട്ടില്‍ വരാനിരിക്കുന്നത്. ജനുവരി 15 മുതല്‍ 17 വരെയാണ് തമിഴ്നാട്ടില്‍ പൊങ്കലുമായി ബന്ധപ്പെട്ട പ്രധാന ആഘോഷങ്ങള്‍ നടക്കുന്നത്. ഈ ദിനങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധിയാണ്. ജനുവരി 15 പൊങ്കലിനും, ജനുവരി 16ന് മാട്ടു പൊങ്കൽ, തിരുവള്ളുവർ ദിനം എന്നിവയ്ക്കും, ജനുവരി 17ന് കാണം പൊങ്കൽ, ഉഴവർ ദിനം എന്നിവ പ്രമാണിച്ചുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ അവധി ദിനങ്ങള്‍ക്ക് പുറമെ ബോഗി പൊങ്കല്‍ ആഘോഷിക്കുന്ന ജനുവരി 14 ന് കൂടി അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവും തമിഴ്നാട്ടില്‍ ശക്തമായിട്ടുണ്ട്. 14 ന് കൂടി അവധി പ്രഖ്യാപിച്ചാല്‍ ജനുവരി 18 ഞായറാഴ്ച കൂടി കണക്കിലെടുക്കുമ്പോള്‍ സ്കൂള്‍, കോളേജ് വിദ്യാർത്ഥികള്‍ക്കും സർക്കാർ ജീവനക്കാർക്കും തുടർച്ചയായ അഞ്ച് ദിവസത്തെ അവധി ലഭിക്കും.

തമിഴ്നാടിന് പുറമെ തെലങ്കാനയും പൊങ്കലിനോട് അനുബന്ധി നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ജനുവരി 10 മുതല്‍ 16 വരെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധിയാണ്. ആദ്യ ഉത്തരവ് പ്രകാരം 15 വരെയായിരുന്നു അവധി. എന്നാല്‍ പിന്നീട് ഒരു ദിവസം കൂടി അവധി നീട്ടി. ഇതോടെ ജനുവരി 17 നായിരിക്കും പൊങ്കല്‍ അവധിക്ക് ശേഷം സ്കൂള്‍ തുറക്കുക.

കേരളത്തിന്‍റെ ചില ഭാഗങ്ങളിലും പൊങ്കല്‍ ആഘോഷിക്കാറുള്ളതിനാല്‍ പ്രാദേശികമായ അവധികള്‍ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ഈ വർഷം ഇതുവരെ സർക്കാറിന്‍റെ ഭാഗത്ത് നിന്നും അവധി സംബന്ധിച്ച പ്രഖ്യാപനം വന്നിട്ടില്ല. പൊങ്കല്‍ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലായിരുന്നു കഴിഞ്ഞ ദിവസം അവധി.

content Highlights: Pongal holiday in Kerala is yet to receive official confirmation this time, with people across the state waiting for a government announcement

To advertise here,contact us