പാലക്കാട്: മൂന്നാം ബലാത്സംഗ പരാതിയില് രാഹുല് മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഷാഫി പറമ്പില് എംപിയെ ഉന്നംവെച്ച് പി സരിന്. രാഹുലിനെതിരായ പരാതിയില് യുവതി വടകരയിലെ ഒരു ഫ്ളാറ്റിനെ കുറിച്ച് പറയുന്നുണ്ട്. വടകരയില് ഫ്ളാറ്റ് ഉണ്ടെന്നും അവിടേയ്ക്ക് ചെല്ലാനും രാഹുല് ആവശ്യപ്പെട്ടതായാണ് പരാതിക്കാരി പറയുന്നത്. എന്നാല് രാഹുലിന് വടകരയില് ഫ്ളാറ്റുള്ളതായി ആര്ക്കെങ്കിലും അറിവുണ്ടോ എന്ന് സരിന് ചോദിക്കുന്നു. സ്ഥലം എംപിയായ ഷാഫി പറമ്പിലിനോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാല് മതി. കൃത്യമായ മറുപടിയില്ലെങ്കില് പിന്നെ ചോദിക്കാന് വരുന്നത് കേരള പൊലീസായിരിക്കുമെന്നും സരിന് പറഞ്ഞു
സരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
രാഹുല് മാങ്കൂട്ടത്തിലിന്റെ റിമാന്ഡ് റിപ്പോര്ട്ടിന്റെ ഭാഗമായുള്ള മൂന്നാമത്തെ എഫ്ഐആര് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് വായിക്കുകയായിരുന്നു. പരാതിയുടെ അഞ്ചാം പേജില് ആവലാതിക്കാരി പറയുന്നത് ഇങ്ങനെയാണ്: 'വടകരയില് ഫ്ളാറ്റുണ്ടെന്നും മറ്റൊരു ദിവസം വടകരയിലേക്ക് ചെല്ലണമെന്നും രാഹുല് മാങ്കൂട്ടത്തില് ആവശ്യപ്പെട്ടു', വടകരയില് രാഹുല് മാങ്കൂട്ടത്തിലിന് ഫ്ളാറ്റ് ഉള്ളതായി വടകരക്കാര്ക്ക് ആര്ക്കെങ്കിലും അറിവുണ്ടോ? സ്ഥലം എംപിയോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാലും മതി. ഇല്ലെങ്കില്, പിന്നെ ചോദിക്കാന് വരുന്നത് പൊലീസായിരിക്കും, കേരളാ പൊലീസ്!
അതിനാടകീയമായായിരുന്നു രാഹുല് മാങ്കൂട്ടത്തില് എംഎല്എയെ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ കെപിഎം റീജിയന്സിന്റെ 2002 എന്ന മുറിയിലെത്തി രാഹുലിനെ പൊലീസ് കസ്റ്റഡിയില് എടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില് ഹാജരാക്കിയ രാഹുലിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്ഡ് ചെയ്തു. ഇതിന് ശേഷം രാഹുലിനെ മാവേലിക്കര സ്പെഷ്യല് സബ് ജയിലിലേക്ക് മാറ്റി. രാഹുലിനെതിരെ ഗുരുതര പരാമര്ശങ്ങളായിരുന്നു റിമാന്ഡ് റിപ്പോര്ട്ടിലുള്ളത്. പരാതിക്കാരിയെ ക്രൂരമായ ലൈംഗിക വൈകൃതം പ്രകടിപ്പിച്ച് രാഹുല് മാങ്കൂട്ടത്തില് ബലാത്സംഗം ചെയ്തെന്ന വിവരങ്ങള് റിമാന്ഡ് റിപ്പോര്ട്ടിലുണ്ട്. യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് രാഹുല് മാങ്കൂട്ടത്തില് അതിജീവിതയെ ഇത്തരത്തില് അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നത്. പാലക്കാട് ഒളിവില് താമസിച്ചിരുന്ന രാഹുല് മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിക്രമങ്ങളും റിമാന്ഡ് റിപ്പോര്ട്ടില് വിശദീകരിച്ചിട്ടുണ്ട്. രാഹുല് മാങ്കൂട്ടത്തിലിന്റെ 'സാംസങ് ഫോള്ഡിംഗ്' ഫോണ് പിടിച്ചെടുത്തതായും പത്തനംതിട്ട ജനറല് ആശുപത്രിയില് എത്തിച്ച് ലൈംഗിക ശേഷി പരിശോധന നടത്തിയെന്നും റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നു. ഡിഎന്എ പരിശോധനയ്ക്കായി രാഹുല് മാങ്കൂട്ടത്തില് നിന്ന് സാമ്പിള് ശേഖരിച്ചതായും റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നുണ്ട്. രാഹുല് മാങ്കൂട്ടത്തിലിന് ജാമ്യം നല്കാതിരിക്കാന് 12 കാരണങ്ങളാണ് റിമാന്ഡ് റിപ്പോര്ട്ടില് ചൂണ്ടിക്കാണിച്ചത്.
രാഹുല് മാങ്കൂട്ടത്തിലും അതിജീവിതയും തമ്മിലുള്ള ചാറ്റുകളും അതിജീവിതയുടെ നഗ്ന വീഡിയോകള് പകര്ത്തിയ പ്രതിയുടെ ഉടമസ്ഥതയിലുള്ള മൊബൈല് ഫോണുകളും കണ്ടെത്തുന്നതിന് പ്രതിയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്ന് റിമാന്ഡ് റിപ്പോര്ട്ട് വ്യക്തമാക്കുന്നുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിരവധി വീട്ടമ്മമാരേയും അവിവാഹിതകളായ യുവതികളേയും വിവാഹം കഴിക്കാം എന്ന് പറഞ്ഞ് രാഹുല് മാങ്കൂട്ടത്തില് ദുരുപയോഗം ചെയ്തിട്ടുളളതാണെന്നും റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നു. സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള് രാഹുല് മാങ്കൂട്ടത്തില് ആവര്ത്തിക്കാന് സാധ്യതയുണ്ടെന്നും റിമാന്ഡ് റിപ്പോര്ട്ട് വ്യക്തമാക്കുന്നു. രാഹുല് മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതിയില് രജിസ്റ്റര് ചെയ്ത എഫ്ഐആറില് യുവതിയുടെ പരാതിയില് പറഞ്ഞിരിക്കുന്ന വിവരങ്ങള് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിജീവിത നല്കിയ മൊഴിയില് ചൂരല്മലയിലെ ഫണ്ട് ശേഖരണത്തെക്കുറിച്ച് പരാമര്ശം ഉണ്ട്. രാഹുല് മാങ്കൂട്ടത്തിലിന്റെ സുഹൃത്തും യൂത്ത് കോണ്ഗ്രസ് നേതാവുമായ ഫെന്നി നൈനാനെ അടക്കം പരാമര്ശിക്കുന്നതാണ് അതിജീവിതയുടെ മൊഴി. ചൂരല്മലയിലെ ആവശ്യത്തിനായി ഫണ്ട് കളക്ട് ചെയ്യുന്ന സമയത്ത് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന് പറഞ്ഞിട്ട് ഫെന്നിയുടെ അക്കൗണ്ടിലേയ്ക്ക് 5000 രൂപ അയച്ച് നല്കിയെന്നാണ് എഫ്ഐആറില് ഉള്ളത്.
Content Highlights- CPIM leader p sarin facebook post against shafi parambil mp over rahul mamkootathil arrest