'പുനർജനി രാഷ്ട്രീയ ആയുധമാക്കില്ല, നടന്നത് ശബരിമലയിലേതിന് സമാനമായ കൊള്ള': വി ഡി സതീശനെതിരെ വി ശിവൻകുട്ടി

തെരഞ്ഞെടുപ്പിനെ ലാക്കാക്കി അത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് എഴുതി കൊടുക്കാന്‍ വിജിലൻസിന് കഴിയില്ലെന്നും ശിവന്‍കുട്ടി

തിരുവനന്തപുരം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പുനര്‍ജനി വിവാദം രാഷ്ട്രീയ ആയുധമാക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് 19 കോടി രൂപയുടെ ആക്ഷേപമാണ് വന്നതെന്നും ശബരിമലയില്‍ നടന്നത് പോലെയുള്ള കൊള്ള തന്നെയാണ് പുനര്‍ജനിയിലും നടന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. പ്രതിപക്ഷ നേതാവിനെ പോലെ ഒരാള്‍ക്കെരിതെ ഒരു വിജിലന്‍സ് അന്വേഷണം നടത്തണമെങ്കില്‍ അത് കാരണമില്ലാതെ ആയിരിക്കില്ലല്ലോ. തെരഞ്ഞെടുപ്പിനെ ലാക്കാക്കി അത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് എഴുതി കൊടുക്കാന്‍ വിജിലൻസിന് കഴിയില്ലെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

രാജ്യം കടന്നുള്ള കാര്യമായതിനാലാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. അതില്‍ ഭയപ്പെടേണ്ട കാര്യം എന്താണ്. 'ഞാന്‍ പേടിച്ച് പോയി' എന്ന തമാശ പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. അങ്ങനെയൊന്നും പറഞ്ഞ് ലളിതവത്കരിക്കാനാവുന്ന കേസല്ല ഇത്. എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കാനാവില്ല. ബോധപൂര്‍വ്വം പ്രതിപക്ഷ നേതാവിനെതിരെ അടിസ്ഥാനരഹിതമായ കുറ്റം ചുമത്താന്‍ കഴിയില്ലെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.

നേമത്ത് മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. പാര്‍ട്ടി എടുക്കുന്ന തീരുമാനമാണ് തന്‍റേത്. നേമം മണ്ഡലത്തില്‍ മൂന്ന് തവണ മത്സരിച്ചിരുന്നു. അതില്‍ രണ്ട് തവണ വിജയവും ഒരു തവണ പരാജയവും നേരിട്ടു. നേമത്ത് ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുന്നുവോ അതിന് അനുസരിച്ചായിരിക്കും ബാക്കി കാര്യങ്ങള്‍. തങ്ങളാരും സ്വന്തമായി ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കാറില്ലെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പുനര്‍ജനി കേസില്‍ രണ്ട് വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ ഞായറാഴ്ച്ച പുറത്തുവന്നിരുന്നു. വി ഡി സതീശനെതിരായ പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ടായിരുന്നു ആദ്യം പുറത്തുവന്നത്. വി ഡി സതീശന്‍ വിദേശ ഫണ്ട് പിരിച്ചതില്‍ ക്രമക്കേടെന്നാണ് ഇതില്‍ വിജിലന്‍സിന്റെ കണ്ടെത്തല്‍.

വിദേശ ഫണ്ട് പിരിവ് കേന്ദ്ര നിയമത്തിന്റെ ലംഘനമാണെന്നും ആദ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ സന്ദര്‍ശനത്തിന് കേന്ദ്രത്തില്‍ നിന്ന് അനുമതി വാങ്ങിയാണ് സതീശന്‍ വിദേശത്തേയ്ക്ക് പോയത്. അത്തരത്തില്‍ വിദേശത്ത് പോയി ഫണ്ട് സ്വരൂപിക്കുകയും കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിക്കുകയും ചെയ്തു. ഇത് നിയമലംഘനമാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കേസില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും വിജിലന്‍സ് ആദ്യ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight; v sivankutty criticises opposition over punarjani says politics should not be played and compared it to the Sabarimala controversy.

To advertise here,contact us