'കുടുംബ ജീവിതം തകർത്തു, യഥാർത്ഥ ഇര ഞാൻ'; രാഹുലിനെതിരെ പരാതി നൽകി ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയുടെ ഭർത്താവ്

രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബജീവിതം തകർത്തെന്നും യഥാർത്ഥ ഇര താനാണെന്നും പരാതിക്കാരൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ വീണ്ടും പരാതി. രാഹുലിനതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതിയുടെ ഭർത്താവാണ് എംഎൽഎക്കെതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയത്. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബജീവിതം തകർത്തെന്നും യഥാർത്ഥ ഇര താനാണെന്നുമാണ് പരാതിക്കാരന്റെ ആരോപണം.

തന്റെ ദാമ്പത്യ ജീവിതം നശിപ്പിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത്. യുവതി വിവാഹിതയാണെന്ന് അറിഞ്ഞിട്ടും പ്രതിയുടെ ലൈംഗിക താൽപര്യം കൊണ്ടും ലൈംഗിക വൈകൃതവും കൊണ്ടാണ് ഇത്തരത്തിലൊരു തെറ്റ് നടന്നത്. മനഃപ്പൂർവ്വം തന്റെ കുടുംബ ജീവിതം തകർക്കാനാണ് അയാൾ ശ്രമിച്ചത്. അച്ഛനും അമ്മയുടെയും ഏക മകനായതിനാൽ അവരുടെ കാര്യങ്ങൾ നോക്കാനായി പാലക്കാട്ടേക്ക് വരികയും താമസിക്കുകയും ചെയ്യേണ്ടിവന്നിരുന്നു. തങ്ങൾക്കിടയിലുണ്ടായ ചെറിയ സൗന്ദര്യപിണക്കങ്ങളെ പ്രതി മുതലെടുക്കുകയായിരുന്നു. രാഹുലിന്‍റെ വാദങ്ങളെല്ലാം തെറ്റാണെന്നും പരാതിക്കാരൻ പറയുന്നു.

തനിക്കും കുടുംബത്തിനുമുണ്ടായ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാനും ഇനി ആരും ഇത് ആവർത്തിക്കാതിരിക്കാനും തനിക്കുണ്ടായ മാനനഷ്ടത്തിനും സാമ്പത്തിക നഷ്ടത്തിനും യുവതിക്കുണ്ടായ മോശം അനുഭവത്തിന്മേലും പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 84 പ്രകാരം കുറ്റം ചെയ്തതിന് തെളിവുള്ളതിനാലും നിയമനടപടി സ്വീകരിച്ച് മുന്നോട്ടുപോകണമെന്നും പരാതിക്കാരൻ പറയുന്നുണ്ട്. യുവതി നൽകിയ ലൈംഗികപീഡന പരാതിയിലും മറ്റൊരു യുവതി നൽകിയ ബലാത്സംഗ പരാതിയിലും രാഹുൽ മാങ്കൂട്ടത്തിലിന് നേരത്തേ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.

Content Highlights:‌ Victims husband Complaint against MLA Rahul Mamkootathil

To advertise here,contact us