ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയൻ, വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ശരിയെന്നാണ് എൻ്റെ നിലപാട്: മുഖ്യമന്ത്രി

സിപിഐ ഏതെങ്കിലും തരത്തിലുള്ള വഞ്ചനയും ചതിയും കാണിക്കുന്നുവെന്ന തോന്നൽ തങ്ങൾക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉയർത്തിയ വിമർശനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയനെന്ന് പറഞ്ഞ മുഖ്യമന്ത്രി, താൻ സ്വീകരിച്ചത് തന്‍റെ നിലപാടാണെന്നും അത് ശരിയാണെന്നാണ് കരുതുന്നതെന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

താൻ സ്വീകരിച്ചത് തന്‍റെ നിലപാടാണ്. ബിനോയ് വിശ്വം കാറിൽ കയറ്റില്ലായിരിക്കും, അത് അദ്ദേഹത്തിന്റെ നിലപാടാണ്. വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ശരിയാണെന്നതാണ് തന്‍റെ നിലപാട്. അത് ശരിയാണെന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നത്. അതിന്റെ സാഹചര്യം താൻ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രിക്കൊപ്പം കാറിൽ വെള്ളാപ്പള്ളി നടേശൻ എത്തിയതിനെ കുറിച്ച് ബിനോയ് വിശ്വം ഇന്നലെ വിമർശിച്ചുകൊണ്ട് പരാമർശം നടത്തിയിരുന്നു. വെള്ളാപ്പള്ളിയെ കണ്ടാൽ താൻ ചിരിക്കും, ചിലപ്പോൾ കൈകൊടുക്കും, പക്ഷേ കാറിൽ കയറ്റില്ല എന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. അതേസമയം വെള്ളാപ്പള്ളി നടേശൻ സിപിഐയെ കുറിച്ച് നടത്തിയ 'ചതിയൻ ചന്തു' പരാമർശത്തിലും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. 'എൽഡിഎഫിലെ ഏറ്റവും പ്രധാന കക്ഷിയാണ് സിപിഐ. ആ പാർട്ടി എൽഡിഎഫിലെ സിപിഐഎമ്മിനോടൊപ്പം പ്രവർത്തിക്കുന്ന പാർട്ടിയാണ്. നല്ല ഊഷ്മളമായ ബന്ധമാണ് മുന്നണികാര്യത്തിൽ സിപിഐയുമായി ഉള്ളത്. ഏതെങ്കിലും തരത്തിലുള്ള വഞ്ചനയും ചതിയും കാണിക്കുന്നുവെന്ന തോന്നൽ ഞങ്ങൾക്കില്ല' മുഖ്യമന്ത്രി പറഞ്ഞു.

പത്തു വർഷം കൂടെനിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുകയാണെന്നും സിപിഐയിൽ ചതിയൻ ചമന്തുമാരാണ് ഉള്ളതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം നടത്തിയ പരാമർശം. ഇതിനെതിരെ ബിനോയ് വിശ്വം രംഗത്തുവരികയും വെള്ളാപ്പള്ളിയുടെ ആ പ്രയോഗം ഏറ്റവും കൂടുതൽ ചേരുന്നത് അദ്ദേഹത്തിന്റെ തലയ്ക്ക് തന്നെയാണെന്നും പരിഹസിച്ചിരുന്നു.

Content Highlights: pinarayi vijayan reacts on binoy viswam's remark about vellapally natesan car journey and vellapally's Chathiyan Chandu statement

To advertise here,contact us