കൊച്ചി: ചിക്കിങ്ങ് ഔട്ട്ലെറ്റില് സാന്വിച്ചിന്റെ പേരിലുണ്ടായ കയ്യാങ്കളിയില് വിശദീകരണവുമായി വിദ്യാര്ത്ഥിയുടെ സഹോദരന്. പുറത്ത് ഇറങ്ങിയാല് കുത്തിക്കൊല്ലുമെന്ന് മാനേജര് പറഞ്ഞതായി സഹോദരന് റിപ്പോര്ട്ടറിനോട് പറഞ്ഞു. മാനേജര് ആദ്യം കുട്ടികളോട് തര്ക്കിച്ചെന്നും കുട്ടികള് വിളിച്ചാണ് താന് അവിടെ എത്തിയതെന്നും സഹോദരന് പറഞ്ഞു.
'ഞങ്ങള് പ്രശ്നമുണ്ടാക്കിയില്ല. കാര്യം ചോദിക്കുകയായിരുന്നു. എന്നാല് കൂടെയുണ്ടായിരുന്നവരെ മാനേജര് തെറിവിളിച്ചു. കത്തിയെടുക്കുകയും ചെയ്തു. പുറത്ത് ഇറങ്ങിയാല് കുത്തിക്കൊല്ലുമെന്ന് പറഞ്ഞ്. പിള്ളേരുടെ നേരെ കത്തി വീശി. നേരെ എന്നെ കുത്താന് വന്നു. അപ്പോഴാണ് സുഹൃത്ത് അയാളുടെ പിന്നില് നിന്ന് മാനേജരെ പിടിച്ചതും ഞാന് രക്ഷപ്പെട്ടതും', സഹോദരന് പറഞ്ഞു.
പൊലീസുകാര് വന്നപ്പോഴും മാനേജര് ഇവരെ ഭീഷണിപ്പെടുത്തിയതായി സഹോദരന് ആരോപിച്ചു.
കുട്ടികള് സ്പോര്ട്സ് മീറ്റിന് വന്നതാണെന്നും അവരുടെ ഭാവിയാണ് ഇല്ലാതാക്കാന് ശ്രമിച്ചതെന്നും സഹോദരന് കൂട്ടിച്ചേര്ത്തു. 'സെന്ട്രല് പൊലീസ് സ്റ്റേഷനില് പരാതി നല്കാന് എത്തിയപ്പോള് മോശം അനുഭവമുണ്ടായി. അവര് കേസെടുത്തില്ല. അവന്റെ സ്വാധീനമുപയോഗിച്ച് നമുക്ക് കേസെടുത്ത് തന്നില്ല. മൊഴി നാലരക്ക് എഴുതിയിട്ടും എഫ്ഐആര് കോപ്പി തന്നില്ല. ആദ്യം പരാതി നല്കിയത് നമ്മുടേതാണെങ്കിലും കേസെടുത്തത് അവരുടേതാണ്. അവിടെ ബൈക്കില് കൂളായി വന്നയാള് ആറര ഒക്കെ ആയപ്പോള് ആശുപത്രിയില് പോയി അഡ്മിറ്റ് ചെയ്തു. എന്റെ പേരില് കടയാക്രമിച്ചു എന്ന കേസായി. ഞങ്ങള് കൊടുത്ത പരാതി കൗണ്ടര് കേസായി മാറി', സഹോദരന് പറഞ്ഞു.
പൊലീസിനോടുള്ള വിശ്വാസം ഇല്ലാതായെന്നും സ്റ്റേഷനില് ഇന്നലെ നടന്ന കളി പുറത്ത് കൊണ്ടുവരണമെന്നും സഹോദരന് പറഞ്ഞു. സംഭവത്തിന് ശേഷം മത്സരത്തിന് പോയ വിദ്യാര്ത്ഥികള് വിജയിച്ചെന്നും എന്നാല് ഇനി താന് ഫ്ളാറ്റില് നിന്ന് പുറത്ത് പോകില്ലെന്നാണ് വിദ്യാര്ത്ഥി പറയുന്നതെന്നും സഹോദരന് പറഞ്ഞു. ഫ്ളാറ്റിന് പുറത്ത് ഇറങ്ങില്ല, പഠിക്കില്ല, സ്കൂളില് പോകില്ല, മത്സരത്തിന് പോകില്ല എന്നാണ് അവന് പറയുന്നതെന്നും സഹോദരന് പറഞ്ഞു.
സാന്വിച്ചില് ചിക്കന് കുറഞ്ഞത് ചോദ്യം ചെയ്തതിനെ ചൊല്ലിയാണ് കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലെ ചിക്കിങ് ഔട്ട്ലെറ്റില് കയ്യാങ്കളിയുണ്ടായത്. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്ത്ഥികളുടെ സഹോദരങ്ങളും ചിക്കിങ്ങ് മാനേജറും തമ്മിലാണ് പ്രശ്നങ്ങള് ഉണ്ടായത്. മാനേജര് കത്തിയുമായി കയ്യേറ്റം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്ത്ഥികളും സഹോദരങ്ങളും പരാതി നല്കി.
വിദ്യാര്ത്ഥികളുടെ സഹോദരങ്ങളുടെ നേരെ മാനേജര് കത്തിയുമായി പാഞ്ഞെടുക്കുന്ന ദൃശ്യങ്ങള് പുറത്ത് വന്നിട്ടുണ്ട്. മാനേജറുടെ ഫോണ് സഹോദരങ്ങള് എടുക്കുന്നതും വിദഗ്ദമായി മാനേജറുടെ കയ്യിലെ കത്തി വീഴ്ത്തുന്നതും ദൃശ്യങ്ങളില് കാണാം. അതേസമയം വിദ്യാര്ത്ഥികളുടെ സഹോദരങ്ങള് തന്നെ ആക്രമിച്ചെന്ന് മാനേജറും പരാതി നല്കിയിട്ടുണ്ട്. ഇരു കൂട്ടരുടേയും പരാതിയില് എറണാകുളം സെന്ട്രല് പൊലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: Student brother reaction on Sanwich dispute