ഇന്‍സ്റ്റയില്‍ അണ്‍ഫോളോ ചെയ്തതില്‍ വിരോധം;യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ കൂട്ടുകാര്‍ക്ക് അയച്ചു,അറസ്റ്റ്

ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പറുകള്‍ പ്രതികളുടേതായിരുന്നില്ല.

മലപ്പുറം: ഇന്‍സ്റ്റഗ്രാം വഴി സൗഹൃദത്തിലായ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ അവരുടെ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്ത യുവാവ് അറസ്റ്റില്‍. മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശി പുതൃകാവില്‍ പി സഹദിനെ ആണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി പ്രണയം നടിച്ച് ലൈംഗിക ഉദ്ദേശത്തോടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പ്രതിയെ യുവതി ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതിലുള്ള വിരോധം കാരണമാണ് ചിത്രങ്ങള്‍ യുവതിയുടെ കൂട്ടുകാരികള്‍ക്കും മറ്റും അയച്ചുകൊടുക്കുകയായിരുന്നു.

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാല് ഇന്‍സ്റ്റഗ്രാം ഐഡികള്‍ വഴിയാണ് പ്രതി യുവതിയെ ബന്ധപ്പെട്ടിരുന്നതെന്ന് കണ്ടെത്തി. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പറുകള്‍ പ്രതികളുടേതായിരുന്നില്ല. മൊബൈല്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ച സഹദ് തനിക്ക് റിപ്പയര്‍ ചെയ്യാനായി ലഭിക്കുന്ന ഫോണുകളിലെ സിം കാര്‍ഡ് ഉപയോഗിച്ച് ഉടമകളുടെ അറിവോ സമ്മതമോ കൂടാതെ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിക്കുകയായിരുന്നു.

Content Highlights: Young man arrested after sending private pictures of young woman to friends

To advertise here,contact us