ഉമീദ് പോര്‍ട്ടല്‍ വഴിയുളള വഖഫ് രജിസ്‌ട്രേഷന് അഞ്ചുമാസം കൂടി

വഖഫ് നിയമഭേദഗതി പ്രകാരം രജിസ്‌ട്രേഷനായി അനുവദിച്ച ആറുമാസത്തെ കാലാവധി ഒക്ടോബറില്‍ അവസാനിച്ചിരുന്നു

കൊച്ചി: സംസ്ഥാനത്ത് വഖഫ് ഭേദഗതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത വഖഫ് വസ്തുക്കള്‍ ഉമീദ് സെന്‍ട്രല്‍ പോര്‍ട്ടലില്‍ ചേര്‍ക്കാനുളള സമയപരിധി അഞ്ചുമാസം കൂടി നീട്ടി. കോഴിക്കോട് ബുധനാഴ്ച്ച ചേര്‍ന്ന വഖഫ് ട്രിബ്യൂണല്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. മൂന്ന് മാസത്തിനുളളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും ബാക്കി രണ്ടുമാസം വഖഫ് ബോര്‍ഡിന് രജിസ്റ്റര്‍ ചെയ്ത ആസ്തികള്‍ പരിശോധിക്കാനുളള സമയമാണെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ പറഞ്ഞു. വഖഫ് നിയമഭേദഗതി പ്രകാരം രജിസ്‌ട്രേഷനായി അനുവദിച്ച ആറുമാസത്തെ കാലാവധി ഒക്ടോബറില്‍ അവസാനിച്ചിരുന്നു.

സാങ്കേതിക തകരാറും അപ്പ്‌ലോഡ് ചെയ്യുന്നതിന് രേഖകള്‍ പൂര്‍ണമായി ലഭിക്കാത്തതും മൂലം ഈ സമയപരിധിക്കുളളില്‍ ആസ്തികളുടെ 15 ശതമാനം രജിസ്‌ട്രേഷനാണ് നടന്നത്. പതിനയ്യായിരത്തോളം വഖഫ് ആസ്തികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമ്പതിനായിരത്തിലധികം ആസ്തികള്‍ കൂടി രജിസ്റ്റര്‍ ചെയ്യാനുണ്ട്. ഈ സാഹചര്യത്തിലാണ് സമയപരിധി നീട്ടുന്നതിനായി വഖഫ് ബോര്‍ഡ് നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് വഖഫ് ട്രിബ്യൂണലിനെ സമീപിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.

വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ സ്ഥാപനങ്ങളുടെയും സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിന് കേരളത്തില്‍ ഉടനീളം മേഖലാ അടിസ്ഥാനത്തില്‍ വഖഫ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ മുതവല്ലിമാര്‍ക്കുളള പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

Content Highlights: Waqf registration through Umeed portal extended by five more months

To advertise here,contact us