സാമ്പാർ, പരിപ്പ്, പായസം, പപ്പടം; ശബരിമലയിൽ പുതുവർഷം മുതൽ സദ്യ വിളമ്പും

ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് വരെയാകും സദ്യ വിളമ്പുക

പത്തനംതിട്ട: ശബരിമലയിൽ പുതുവർഷം മുതൽ സദ്യ വിളമ്പും. ചോറ്, പരിപ്പ്, അവിയൽ, തോരൻ, അച്ചാർ, സാമ്പാർ, രസം, പപ്പടം, പായസം എന്നീ വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയാകും വിളമ്പുക. ഇക്കാര്യം സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിറക്കി.

ടെൻഡർ വിളിച്ചോ ഹോർട്ടികോർപ്പ്, സിവിൽ സപ്ലൈസ് എന്നിവ വഴിയോ വിഭവങ്ങൾ വാങ്ങും.സദ്യയുടെ ചുമതല ദേവസ്വം കമ്മീഷണർക്കാണ് നൽകിയിട്ടുള്ളത്. 2020 വരെ ചോറും കറികളും നൽകിയിരുന്നു. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം പിന്നീട് പുലാവ് നൽകുകയായിരുന്നു.

സദ്യയിൽ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിമുതൽ മൂന്ന് വരെയാകും സദ്യ വിളമ്പുക. സ്റ്റീൽ പ്ലേറ്റും ഗ്ലാസുമാണ് ഇതിനായി ഉപയോഗിക്കുക. വാഴയിലയിൽ സദ്യ നൽകണമെന്നാണ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ മാലിന്യ സംസ്‌കരണം പ്രശ്‌നമാകുമെന്ന്കണ്ടാണ് സ്റ്റീൽ പ്ലേറ്റിലേക്ക് മാറിയതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞിരുന്നു. തീർത്ഥാടകരോടുള്ള ദേവസ്വം ബോർഡിന്റെ സമീപനത്തിൽ വരുത്തിയ മാറ്റവും അവരോടുള്ള കരുതലുമാണ് വിഭവ സമൃദ്ധമായ സദ്യ നൽകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights : sabarimala sadhya starts at new year

To advertise here,contact us