'ഇടതായാലും വലതായാലും ക്രിമിനലുകൾക്കും പീഡകർക്കും വ്യത്യാസമില്ല'; രാഹുലിനും കുഞ്ഞുമുഹമ്മദിനുമെതിരെ സൗമ്യ സരിൻ

ഇവരുടെ രൂപത്തിലും ഭാവത്തിലും മാത്രമേ വ്യത്യാസമുള്ളുവെന്നും രണ്ടും ഒന്ന് തന്നെയാണെന്നും സൗമ്യ സരിന്‍

പാലക്കാട്: ലൈംഗികാരോപണ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കും സംവിധായകനും മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിനുമെതിരെ ഡോക്ടര്‍ സൗമ്യ സരിന്‍. ഇടതുപക്ഷമായാലും വലതുപക്ഷമായാലും ക്രിമിനലുകള്‍ക്കും പീഡകര്‍ക്കും ഒരു വ്യത്യാസവുമില്ലെന്ന് സൗമ്യ സരിന്‍ പറഞ്ഞു. ഇവരുടെ രൂപത്തിലും ഭാവത്തിലും മാത്രമേ വ്യത്യാസമുള്ളുവെന്നും രണ്ടും ഒന്ന് തന്നെയാണെന്നും സൗമ്യ സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും പി ടി കുഞ്ഞുമുഹമ്മദിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു സൗമ്യയുടെ വിമര്‍ശനം. ഇവരെ പോലുള്ളവരെ താങ്ങുന്നവരും വിഷം പേറുന്നവരാണെന്ന് സൗമ്യ കുറിച്ചു. ഏത് പാര്‍ട്ടി ആയാലും ഇവര്‍ക്ക് എതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ പുറം ലോകം കാണിക്കാതെ അകത്തിടാനുള്ള നിയമവും നെഞ്ചുറപ്പും ആവശ്യമാണ്. കേരള സര്‍ക്കാരും നിയമസംവിധാനവും അത് കാണിക്കുമെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു.

മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് രേഖപ്പെടുത്താനായി പാലക്കാടെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒരു പറ്റം പ്രവര്‍ത്തകര്‍ സ്വീകരിക്കുകയും ചെയ്തു. അതേസമയം തന്നെ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും കൂകിവിളിക്കുകയും ചെയ്തിരുന്നു. നിലവില്‍ രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

ഐഎഫ്എഫ്കെ സ്‌ക്രീനിങിനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയിലാണ് പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. സ്‌ക്രീനിങുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണെന്ന പേരില്‍ തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി കടന്നുപിടിക്കാന്‍ ശ്രമം ഉണ്ടായെന്നായിരുന്നു പരാതി. എന്നാല്‍ സിപിഐഎം സഹയാത്രികനായ ഇയാള്‍ക്കെതിരായ പരാതി കൈമാറാന്‍ രണ്ടാഴ്ച വൈകിപ്പിച്ചെന്നുള്ള വിമര്‍ശനം കോണ്‍ഗ്രസ് ശക്തമായി ഉന്നയിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'ഒന്നായ നിന്നെയിഹ…' രണ്ടും ഒന്ന് തന്നെ… ഇവിടെ ഒരു തീവ്രത മാപിനിയുടെയും ആവശ്യമില്ല! രണ്ടും ഒന്ന് തന്നെ…പീഡകരില്‍ ഇടതെന്നും വലതെന്നും ഒരു വ്യത്യാസവും ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല… ക്രിമിനലുകളില്‍ ഇടതെന്നും വലതെന്നും ഒരു വ്യത്യാസവും ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല! രൂപത്തിലും ഭാവത്തിലും വ്യത്യാസം ഉണ്ടെന്നേ ഉള്ളു… രണ്ടും ഒന്ന് തന്നെ!

ഇവര്‍ മാത്രമല്ല, ഇവരെപ്പോലുള്ളവരെ ഇപ്പോഴും താങ്ങുന്ന ഓരോരുത്തരും 'ഇവര്‍' തന്നെയാണ്. അത്രയും തന്നെ വിഷം പേറുന്നവര്‍ ആണ്. മനസ്സാക്ഷിയുള്ള ഒരു പാര്‍ട്ടിക്കാരനും അത് സാധിക്കില്ല. അത് ഏതു പാര്‍ട്ടി ആയാലും! കൃത്യമായ അന്വേഷണങ്ങളിലൂടെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് എതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍, പുറം ലോകം കാണിക്കാതെ അകത്തിടാനുള്ള നിയമവും നെഞ്ചുറപ്പുമാണ് ആവശ്യം!

കേരളത്തിലെ സര്‍ക്കാരും നിയമസംവിധാനവും അത് കാണിക്കും എന്ന് തന്നെ വിശ്വസിക്കുന്നു! ഇനി പൊങ്ങരുത്, ഒരുത്തന്റെയും കയ്യും കണ്ണും നിസ്സഹായരായ പെണ്ണുടലുകളിലേക്ക് …അത് ആരായാലും…എവിടെ നില്‍ക്കുന്നവര്‍ ആയാലും…കാരണം, എല്ലാം ഒന്ന് തന്നെ!

Content Highlights: Soumya Sarin against Rahul Mamkootathil and P T Kunjumuhammad

To advertise here,contact us