ഏഴ് ജില്ലകളില്‍ നാളെ പൊതു അവധി: സർക്കാർ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും മാത്രമല്ല സ്വകാര്യ മേഖലയിലും അവധി

സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

കോഴിക്കോട്: സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നാളെ(വ്യാഴാഴ്ച) പൊതു അവധി പ്രഖ്യാപിച്ചു. തദ്ദേശെ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലാണ് നാളെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വാണിജ്യ സ്ഥാപനങ്ങള്‍ക്കും ശമ്പളത്തോടു കൂടിയുള്ള അവധി നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ മേഖലയിലുള്ള ഏതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ വ്യാപാര, വ്യവസായ സ്ഥാപനത്തിലോ ജോലിചെയ്യുന്നവര്‍ക്ക് പഞ്ചായത്ത്-മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനാണ് അവധി. അവധിയെടുക്കുന്ന വ്യക്തികളുടെ വേതനം നിഷേധിക്കാൻ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ വോട്ടെടുപ്പ് നടക്കും. ഏഴ് ജില്ലകളിലും ഇന്നലെ തന്നെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചരണം അവസാനിച്ചിരുന്നു. ഇന്ന് നിശബ്ദ പ്രചരണം നടക്കും.

അതേസമയം ഇന്നലെ നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ കണക്ക് അന്തിമമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. കഴിഞ്ഞ തവണ ഏഴ് ജില്ലകളില്‍ രേഖപ്പെടുത്തിയത് 73.79 ശതമാനം പോളിംഗായിരുന്നു.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. 74.58 ശതമാനം പോളിംഗാണ് എറണാകുളത്ത് രേഖപ്പെടുത്തിയത്. 66.78 ശതമാനം രേഖപ്പെടുത്തിയ പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിംഗ്. തിരുവനന്തപുരം- 67.4 ശതമാനം, കൊല്ലം- 70.36 ശതമാനം, ആലപ്പുഴ- 73.76 ശതമാനം, കോട്ടയം- 70.96 ശതമാനം, ഇടുക്കി- 71.77 ശതമാനം എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയ പോളിംഗ്.

Content Highlight; Public holiday announced for tomorrow in seven districts of Kerala

To advertise here,contact us