'കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; ഥാറിൽ കടമക്കുടി ചുറ്റി ആനന്ദ് മഹീന്ദ്ര; വാനോളം പുകഴ്ത്തൽ

ചില സ്ഥലങ്ങൾ നമ്മെ മാറ്റിമറിക്കും എന്ന് ആനന്ദ് മഹീന്ദ്ര

കൊച്ചി: കടമക്കുടി ദ്വീപുകൾ സന്ദർശിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. മഹീന്ദ്രയുടെ തന്നെ വണ്ടിയായ ഥാറിലാണ് ആനന്ദ് മഹീന്ദ്ര കടമക്കുടി ചുറ്റിക്കണ്ടത്. 'ഞാൻ എനിക്ക് തന്നെ നൽകിയ വാക്ക് പാലിച്ചു' എന്നാണ് കടമക്കുടിയിലൂടെ ഥാറോടിച്ചു പോകുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചത്. മഹീന്ദ്രയുടെ ഒരു കോൺഫറൻസിനായി കൊച്ചിയിലെത്തിയപ്പോഴാണ് അദ്ദേഹം കടമക്കുടിയിൽ എത്തിയത്. കടമക്കുടി വൃത്തിയുള്ള സ്ഥലമാണെന്ന് പറയുന്ന ആനന്ദ് മഹീന്ദ്ര പ്രദേശത്തിന്റെ സൗന്ദര്യത്തെയും മറ്റും വാനോളം പുകഴ്ത്തുന്നുണ്ട്. ചില സ്ഥലങ്ങൾ നമ്മെ മാറ്റിമറിക്കും എന്നും അദ്ദേഹം എഴുതുന്നുണ്ട്.

മാസങ്ങൾക്ക് മുൻപ് കടമക്കുടിയുടെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ഇവിടം സന്ദർശിക്കാനുള്ള ആഗ്രഹം ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരുന്നു. 'ഭൂമിയിലെ തന്നെ ഭംഗിയുള്ള ഗ്രാമങ്ങളുടെ പട്ടികയില്‍ പലപ്പോഴായും കടമക്കുടി ഉള്‍പ്പെട്ടിട്ടുണ്ട്. കൊച്ചിയിലേക്കുള്ള ബിസിനസ് യാത്രയില്‍ ഈ ഡിസംബറില്‍ പോകാന്‍ താല്‍പര്യമുള്ള സ്ഥലങ്ങളില്‍ ഈ സ്ഥലമുണ്ട്', എന്നായിരുന്നു ആനന്ദ് മഹീന്ദ്ര കുറിച്ചത്.

I lived up to a promise I had made to myself…After our Group’s M101 annual leadership conference in Kochi last week, on Friday I drove to Kadamakkudy to see if it truly deserves its reputation as one of the most beautiful villages on earth.Clean and pristine.Tranquil… https://t.co/oMk0Q9YDHW pic.twitter.com/kD6YBm0hJr

ആനന്ദ് മഹീന്ദ്രയെ സ്വാഗതം ചെയ്തുകൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും രംഗത്തുവന്നിരുന്നു. അവിശ്വസനീയമായ സ്ഥലങ്ങളുടെയും അനുഭവങ്ങളുടെയും നാട്ടിലേക്ക് സ്വാഗതമെന്നാണ് റിയാസ് അന്ന് എക്‌സില്‍ കുറിച്ചത്. കടമക്കുടിയില്‍ നിങ്ങള്‍ക്ക് വേണ്ടി ആതിഥേയത്വം വഹിക്കുന്നതിന് കേരള ടൂറിസം സന്തുഷ്ടരാണെന്നും റിയാസ് പറഞ്ഞിരുന്നു.

Content Highlights: anand mahindra roams kadamakkudy in his thar, shares wonderful note

To advertise here,contact us