മലപ്പുറം: സ്ഥാനാർത്ഥിയെ സാമൂഹികമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വേങ്ങരയിലെ യുഡിഎഫ് നേതൃത്വം. വേങ്ങര ഗ്രാമപ്പഞ്ചായത്തിലെ 12ാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ എൻ ടി മൈമൂനയെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവത്തിലാണ് പരാതി. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാർത്ഥിയും പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയും പൊലീസിനും വരണാധികാരിക്കും പരാതി നൽകി.
അപഹസിക്കുന്നവിധം കറുത്ത തുണികൊണ്ട് മുഖംമൂടിയ സ്ത്രീയുടെ ചിത്രവും മൈമൂന ജനവിധി തേടുന്ന കോണി ചിഹ്നവുമുള്ള വ്യാജ പോസ്റ്ററാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ആവശ്യം ഉയർന്നത്.
പോസ്റ്റർ സംസ്ഥാനത്തിനകത്തും പുറത്തും പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വ്യാപകമായി മലപ്പുറം ജില്ലയേയും ജില്ലയിലെ സ്ത്രീ സമൂഹത്തേയും അപകീർത്തിപെടുത്താനും മതസൗഹൃദ അന്തരീക്ഷം തകർക്കാനും വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണ് പരാതിനൽകിയതെന്ന് യുഡിഎഫ് ഭാരവാഹികൾ പറഞ്ഞു.
Content Highlights: UDF demands action against those who defamed the candidate on social media