തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തിലിന്റെ മുന്കൂര് ജാമ്യാപേക്ഷയില് വിധി ഇന്നില്ല. നാളെ അന്തിമവാദം കേള്ക്കും. തിരുവനന്തപുരം പ്രിന്സിപ്പല് സെഷന്സ് കോടതിയുടേതാണ് വിധി. വിധി നാളെയുണ്ടാകുമെന്നാണ് വിവരം. ഒന്നേമുക്കാല് മണിക്കൂറോളമാണ് കേസില് വാദമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് ചില രേഖകള് പരിശോധിക്കാനുണ്ടെന്ന് കോടതി പറഞ്ഞിരുന്നു. അത് പരിശോധിച്ചശേഷം നാളെ രാവിലെ പതിനൊന്ന് മണിയോടെ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതി രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിട്ടില്ല.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട രേഖകളിൽ വിശദമായ പരിശോധന വേണമെന്ന് കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പറഞ്ഞു. ഇരുഭാഗവും നൽകിയ രേഖകൾ പരിശോധിക്കും. എന്നാൽ വിധി പറയും വരെ അറസ്റ്റുണ്ടാകില്ലെന്ന ഉറപ്പ് വേണമെന്നും വിധി നീണ്ടുപോയാൽ അറസ്റ്റ് തടയണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും പൊലീസ് നടപടിയിൽ ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും ആവശ്യം പരിഗണിച്ച് അടച്ചിട്ട മുറിയിലാണ് കേസിന്റെ വാദം നടന്നത്. അതിജീവിതയുടെ രഹസ്യമൊഴി കോടതിയിൽ വായിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഈ ഘട്ടത്തിൽ രാഹുൽ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ ഇടയുണ്ട്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
മുഖ്യമന്ത്രിക്ക് പരാതി നല്കിയ യുവതിയുമായി നടന്നത് ഉഭയസമ്മത പ്രകാരമുളള ലൈംഗികബന്ധമെന്നാണ് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചത്. മറ്റാരുടെയും പ്രേരണയില്ലാതെയാണ് യുവതി ഗര്ഭചിദ്രത്തിനുളള മരുന്ന് കഴിച്ചതെന്നും ബലാത്സംഗം നടന്ന കാലയളവില് പൊലീസുമായും വനിതാ സെല്ലുമായും വനിതാ വിംഗുമായും അതിജീവിതയ്ക്ക് ബന്ധമുണ്ടായിരുന്നെന്നും രാഹുലിന്റെ അഭിഭാഷകന് കോടതിയിൽ പറഞ്ഞു. ഗാര്ഹിക പീഡനത്തിന് പരാതി കൊടുത്തപ്പോള് പൊലീസുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നെന്നും പീഡനം നടന്നിട്ടുണ്ടെങ്കില് അന്ന് പരാതി കൊടുക്കാമായിരുന്നു എന്നും പ്രതിഭാഗം വാദിക്കുകയുണ്ടായി.
Content Highlights: Rahul Mamkoottathil's anticipatory bail: Further arguments will be held tomorrow