തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തില് എംഎല്എയ്ക്കെതിരായ പരാതികളില് സമ്മര്ദത്തിലായി കോണ്ഗ്രസ് ഹൈക്കമാന്ഡ്. പരാതികള് ഹൈക്കമാന്ഡിലേക്കും എത്തിയതോടെയാണ് സമ്മര്ദത്തിലായത്. ചര്ച്ചകളില് ഹൈക്കമാന്ഡിനെ വലിച്ചിഴച്ചതില് അതൃപ്തി പുകയുന്നുണ്ട്. വിഷയം ദേശീയതലത്തില് ബിജെപി ആയുധമാക്കുമോ എന്നാണ് പാര്ട്ടി ദേശീയ നേതൃത്വത്തിന്റെ ആശങ്ക. വിഷയത്തില് കേരളം തുടര്നടപടികള് എത്രയുംവേഗം എടുക്കണം എന്നാണ് നിര്ദേശം. കേരളത്തില് എത്തുന്ന കെ സി വേണുഗോപാല് നേതാക്കളുമായി സംസാരിക്കുമെന്നാണ് വിവരം.
അതേസമയം, രാഹുല് മാങ്കൂട്ടത്തിലിനെതിരെ കെപിസിസി നേതാവിനും രാഹുല് ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും പരാതി നല്കിയ പെണ്കുട്ടിയെ കണ്ടെത്താനാണ് പൊലീസ് നീക്കം. കെപിസിസി പ്രസിഡന്റ് കൈമാറിയ പരാതിയിലെ ഇമെയില് കേന്ദ്രീകരിച്ച് അന്വേഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പെണ്കുട്ടി മൊഴി നല്കാന് തയ്യാറായാല് പ്രത്യേക കേസെടുത്തും. പരാതി ഉടന് ഡിജിപി എഡിജിപിക്ക് കൈമാറും. ഈ പരാതിയും പ്രോസിക്യൂഷന് കോടതിയില് ഉന്നയിക്കും. രാഹുല് മാങ്കൂട്ടത്തില് സ്ഥിരം കുറ്റവാളിയാണെന്ന് കോടതിയെ ധരിപ്പിക്കും.
അതേ സമയം ഇന്ന് രാഹുല് മാങ്കൂട്ടത്തിലിന്റെ മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കും. നവംബർ 28-നാണ് അതിജീവിതയായ യുവതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരിൽകണ്ടാണ് യുവതി പരാതി നൽകിയത്. പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും രാഹുൽ ഒളിവിൽ പോവുകയും ചെയ്തിരുന്നു. ഇന്നലെ മറ്റൊരു യുവതി കൂടി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പരാതിയുമായി നൽകിയിരുന്നു. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് പരാതിയില് പറയുന്നത്. രാഹുലിന്റെ പ്രവൃത്തികള് ജീവിതത്തിലുണ്ടാക്കിയത് മറക്കാനാവാത്ത മുറിവുകളാണെന്നും പെണ്കുട്ടി പറയുന്നു. കേരളത്തിന് പുറത്ത് താമസിക്കുന്ന 23-കാരിയാണ് രാഹുലിനെതിരെ പരാതിയുമായി കെപിസിസിയെ സമീപിച്ചത്.
Content Highlights: Highcommand under pressure over Rahul Mamkoottathil issue