രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് ഒഴിയണം,കോണ്‍ഗ്രസ് പാര്‍ട്ടി അയാളെ പുറത്താക്കണം: കെ കെ രമ

അറസ്റ്റ് വൈകുന്നതിന് പിന്നിൽ പൊലീസിന്റെ അലംഭാവമാണെന്നും കെ കെ രമ

പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതിയുമായി മറ്റൊരു യുവതിയും രം​ഗത്തെത്തിയതോടെ പ്രതികരണവുമായി കെ കെ രമ എംഎൽഎ. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് ഒഴിയണമെന്നും അല്ലെങ്കിൽ കോണ്‍ഗ്രസ് പാര്‍ട്ടി അയാളെ പുറത്താക്കണമെന്നും കെ കെ രമ വ്യക്തമാക്കി. എംഎൽഎ സ്ഥാനത്ത് തുടരാൻ രാഹുലിന് യോഗ്യതയില്ല. രാഹുലിനെ എന്തുകൊണ്ട് കേരള പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നും രമ ചോദിച്ചു. അറസ്റ്റ് വൈകുന്നതിന് പിന്നിൽ പൊലീസിന്റെ അലംഭാവമാണെന്നും കെ കെ രമ വ്യക്തമാക്കി. റിപ്പോർട്ടറിനോടായിരുന്നു രമയുടെ പ്രതികരണം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ പരാതിയിലുള്ളത്. രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി നൽകി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യുവതി പരാതി നൽകിയിട്ടുണ്ട്. പരാതി കെപിസിസി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി പരാതിയിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകി ഹോം സ്റ്റേയിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഗർഭം ധരിക്കാൻ രാഹുൽ നിർബന്ധിച്ചുവെന്നും പൊലീസിൽ പരാതി നൽകാത്തത് ഭയം കാരണമാണെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേർന്ന് കാറിൽ ഹോം സ്റ്റേയിൽ എത്തിച്ചെന്നും രാഹുൽ ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇമെയില്‍ മുഖേന യുവതി നേതാക്കൾക്ക് അയച്ച പരാതിയിൽ വ്യക്തമാക്കിയിരുന്നു.

Content Highlight : K K Rama MLA responds after another woman comes forward with a serious complaint against Rahul mamkootathil

To advertise here,contact us