തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയെ അധിക്ഷേപിച്ച രാഹുല് ഈശ്വറിന്റെ ജാമ്യാപേക്ഷയെ എതിര്ത്ത് പ്രോസിക്യൂഷന്. രാഹുല് ഈശ്വര് സ്ഥിരം കുറ്റവാളിയാണെന്നും രാഹുലിന്റെ ലാപ്ടോപ്പില് നിന്ന് വീഡിയോകളും ചിത്രങ്ങളും കണ്ടെടുത്തുവെന്നും പ്രോസിക്യൂഷന് പറഞ്ഞു. ലാപ്ടോപ്പില് നിന്ന് രാഹുല് ചിത്രീകരിച്ച വീഡിയോ കണ്ടെടുത്തു. യുവതിയുടെ ചിത്രങ്ങളടക്കം ലാപ്ടോപ്പിലുണ്ട്. രാഹുല് ഈശ്വര് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. പ്രോസിക്യൂഷന് കോടതിയില് സമര്പ്പിച്ച റിമാന്ഡ് റിപ്പോര്ട്ടിന്റെ പകര്പ്പ് റിപ്പോര്ട്ടറിന് ലഭിച്ചു.
വഞ്ചിയൂര് മജിസ്ട്രേറ്റ് കോടതിയാണ് രാഹുല് ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. രാഹുല് ഈശ്വര് സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നല്കരുതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. രാഹുല് ഈശ്വറിന് ജാമ്യം നല്കിയാല് കുറ്റകൃത്യം ആവര്ത്തിക്കാന് സാധ്യതയുള്ളതായി റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നു. ജാമ്യം നല്കിയാല് സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടുന്നു. പ്രതിക്കെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലും എറണാകുളം സിറ്റി പൊലീസ് സ്റ്റേഷനിലും അടക്കം കേസുകളുണ്ട്. പ്രതി നിരന്തരം സമാന കുറ്റകൃത്യങ്ങളില് ഏര്പ്പെടുന്ന വ്യക്തിയാണ്. അതിജീവിതയെ അധിക്ഷേപിച്ച കേസില് അന്വേഷണം ശരിയായ ദിശയിലാണ്. കേസില് തുടരന്വേഷണം ആവശ്യമുണ്ട്. പ്രതി ഒളിവില് പോകാനുള്ള സാധ്യയുണ്ട്. പ്രതി കുറ്റം ചെയ്യുന്നതില് മറ്റ് ഇലക്ട്രോണിക് ഡിവൈസ് ഉപയോഗിച്ചോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഇതിന് തുടരന്വേഷണം അനിവാര്യമാണെന്നും പ്രോസിക്യൂഷന് വ്യക്തമാക്കുന്നു
Content Highlights- Rahul easwar beacome a permanant criminal says prosecution in court