'രാഹുലിനെതിരെ പാർട്ടിക്കുള്ളിലും ആരോപണമുണ്ട്; ചില വനിതാ പ്രവർത്തകർ സ്വകാര്യമായി ഇത് പറഞ്ഞിട്ടുണ്ട്'

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടിയാണ് കോൺ​ഗ്രസ് നേതൃത്വം എടുത്തതെന്നും പാർട്ടിക്ക് ഈ കാര്യത്തിൽ ശക്തമായ നിലപാടുണ്ടെന്നും സജന വ്യക്തമാക്കി

പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കൂടുതൽ ആരോപണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ രം​ഗത്ത്. രാഹുലിനെതിരെ പാർട്ടിക്കുള്ളിലും ആരോപണമുണ്ടെന്നും ചില വനിത പ്രവർത്തകർ സ്വകാര്യമായി തന്നോട് ഇക്കാര്യം പങ്കുവെച്ചിട്ടുണ്ടെന്നും സജന ബി സാജൻ റിപ്പോർട്ടറിനോട് പറഞ്ഞു.

രാഹുലിനെ സംരക്ഷിക്കുകയല്ല കോൺഗ്രസ് പ്രവർത്തകന്റെ ധർമ്മമെന്നും സജന പറഞ്ഞു. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത സാഹചര്യത്തില്‍ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത് ശരിയായ നടപടിയല്ലയെന്നും സജന വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പെൺകുട്ടികൾ കൂടുതൽ തെളിവുകൾ തന്നാൽ കെപിസിസി അധ്യക്ഷന് പരാതി നൽകുമെന്നും സജന പറഞ്ഞു.

പാർട്ടി വേദികളിൽ ഔദ്യോ​ഗികമായ ക്ഷണം രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ചിട്ടില്ലെന്നും എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹം വരുന്നത് എന്ന് അറിയില്ലെന്നും സജന പറഞ്ഞു. കോൺ​ഗ്രസ് നേതാക്കളെ കിട്ടാത്തത് കൊണ്ടാവും വലിയ സിനിമ നടികളെ കൊണ്ടു വന്ന് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതെന്നും സജന പരിഹസിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടിയാണ് കോൺ​ഗ്രസ് നേതൃത്വം എടുത്തത്. പാർട്ടിക്ക് ഈ കാര്യത്തിൽ ശക്തമായ നിലപാടുണ്ട്. രാഹുലിനെതിരെ പാർട്ടിക്ക് ബോധ്യപ്പെട്ട കാര്യത്തിൻ്റെ അടിസ്ഥാനത്തിലാണ് നിലപാട് കൈകൊണ്ടത്. അതിൽ വേറെ ഒരാൾക്കും സംശയം തോന്നെണ്ട ആവശ്യമില്ല. പാർട്ടിയാണ് ഈ കാര്യം തീരുമാനിക്കുന്നത്. ഒരിക്കലും പാർട്ടിക്ക് എതിരെ അല്ല തന്‍റെ പോസ്റ്റ് വന്നിരിക്കുന്നതെന്നും ഒരിക്കലും രാഹുൽ മാങ്കൂട്ടത്തിലോട് കൂടി അവസാനിക്കുന്ന പാർട്ടിയല്ല ഇന്ത്യൻ നാഷ്ണൽ കോൺഗ്രസെന്നും സജന വ്യക്തമാക്കി.

ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ ശബ്ദ രേഖകൾ അദ്ദേഹത്തിൻ്റെത് അല്ലയെന്ന് ഇത് വരെ നിഷേധിക്കുകയോ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയോ ചെയ്തിട്ടില്ല. അദ്ദേഹം കുറ്റക്കാരനാണെന്ന് അദ്ദേഹത്തിൻ്റെ മനസ്സാക്ഷിക്ക് തോന്നുന്ന സഹചര്യത്തിൽ അദ്ദേഹത്തെ പാർട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് ഒരിക്കലും ഒരു കോൺ​ഗ്രസ്കാരന് പറയാൻ കഴിയില്ലെന്നും സജന പറഞ്ഞു.

Content Highlight : 'There are allegations against Rahul within the party too, some women workers have told me this said Sajana B Sajan

To advertise here,contact us