പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരന്റെ പിന്തുണയിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സുധാകരനും കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീനും സണ്ണി ജോസഫുമെല്ലാം തന്റെ നേതാക്കളാണ്. ഈ നേതാക്കന്മാർ പറയുന്ന എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നു. അവർ പറയുന്ന എല്ലാ കാര്യങ്ങളും കേൾക്കാൻ ബാധ്യസ്ഥനാണ് താനെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
'നേതാക്കൾ പറഞ്ഞ കാര്യം ഞാൻ അനുസരിക്കുന്നുണ്ട്. സസ്പെൻഷനിലായ ആൾ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നേതാക്കൾ പറഞ്ഞത്. ഞാൻ പങ്കെടുക്കുന്നത് പാർട്ടി പരിപാടികളിലല്ല. എനിക്കുവേണ്ടി അധ്വാനിച്ചവർക്ക് വേണ്ടിയാണ് പ്രചാരണം നടത്തുന്നത്. സ്ഥലം എംഎൽഎ എന്ന നിലയിൽ അവർ അത് ആവശ്യപ്പെടുമ്പോൾ നിറവേറ്റേണ്ട ബാധ്യത എനിക്കുണ്ട്', രാഹുൽ പറഞ്ഞു.
'ഏതെങ്കിലും പദവി കിട്ടിയിട്ട് വീട് കയറിത്തുടങ്ങിയ ആളല്ല ഞാൻ. എനിക്ക് വോട്ടില്ലാത്ത കാലത്തും വീട് കയറിത്തുടങ്ങി പ്രചാരണം നടത്തിയ ആളാണ്. എനിക്ക് രണ്ട് കാലും കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം, ഏത് പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും വീട് കയറി വോട്ട് ചോദിക്കും. സസ്പെൻഷൻ കാലത്ത് പാലിക്കേണ്ട അച്ചടക്കത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. അതിനനുസരിച്ചാണ് പ്രവർത്തിക്കുന്നതും മുന്നോട്ടു പോകുന്നതും' രാഹുൽ പറഞ്ഞു.
ലൈംഗികാതിക്രമ ആരോപണം നേരിടുന്ന രാഹുല് മാങ്കൂട്ടത്തിലിന് പിന്തുണയുമായി കെ സുധാകരന് എംപി ഇന്നലെയാണ് പ്രതികരിച്ചത്. രാഹുല് മാങ്കൂട്ടത്തില് നിരപരാധിയാണെന്ന് പറഞ്ഞ സുധാകരന്, രാഹുല് കോണ്ഗ്രസില് സജീവമാകണമെന്നും പറഞ്ഞിരുന്നു. 'ആ വിഷയത്തെ പറ്റി അന്വേഷിച്ചു. കോണ്ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല. രാഹുലുമായി വേദി പങ്കിടാന് മടിയില്ല. പുതിയ ശബ്ദരേഖ ഞാന് കേട്ടിട്ടില്ലെന്നും സുധാകരന് പറഞ്ഞിരുന്നു.
'വെറുതെ ആദ്ദേഹത്തെ അപമാനിക്കാന് സിപിഐഎമ്മും ബിജെപിയും നടത്തുന്ന ശ്രമമാണ് ഇതിന് പിന്നില്. തീര്ത്തും നിരപരാധിയാണ്. ഞാനതൊക്കെ അന്വേഷിക്കുന്നുണ്ട്. അന്വേഷിച്ചത് രണ്ട് ചീത്ത പറയാന് വേണ്ടിയാണ്. പക്ഷെ മറുപടിയെല്ലാം കേട്ടപ്പോള് എനിക്ക് തോന്നി ഐ വാസ് റോങ്. ഞാനവനെ വിളിച്ച് സംസാരിച്ചു. നമുക്ക് അവനെക്കുറിച്ച് തര്ക്കങ്ങളൊന്നുമില്ല. അവന്റെ പാര്ട്ടി കോണ്ഗ്രസാണ്. കോണ്ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല. ആര് പറഞ്ഞാലും നമുക്കത് പ്രശ്നമല്ല. രാഹുല് സജീവമായി രംഗത്തുവരണം. കഴിവും പ്രാപ്തിയുമുള്ള നേതാവാണ്. ജനമനസില് സ്ഥാനമുള്ളവനാണ്. ആളുകള്ക്ക് ഒരുപാട് വികാരങ്ങളും വിചാരങ്ങളും പകര്ത്തിക്കൊടുക്കാന് സാധിക്കുന്ന, പ്രാസംഗിക കരുത്തുള്ളവനാണ്. അവനെ വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഞാന് ശബ്ദ സന്ദേശം കേട്ടിട്ടില്ല, അവന് തന്നെ പറഞ്ഞിട്ടുണ്ടല്ലോ, വെല്ലുവിളിച്ചിട്ടുണ്ടല്ലോ. രാഹുലിനെ പാര്ട്ടിയോടൊപ്പം കൂട്ടിനിര്ത്തിക്കൊണ്ടുപോകണം. അദ്ദേഹത്തിനൊപ്പം ഞാന് വേദി പങ്കിടും,' എന്നാണ് സുധാകരന്റെ വാക്കുകൾ.
അതേസമയം, രാഹുല് മാങ്കൂട്ടത്തില് പാര്ട്ടിയില് നിന്ന് സസ്പെന്ഡ് ചെയ്യപ്പെട്ട ആളാണെന്നായിരുന്നു എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. പാര്ട്ടിയില് നിന്ന് മാറ്റി നിര്ത്തിയതാണ്. ആരോപണം വന്നപ്പോള് തന്നെ കര്ശനമായ നടപടിയെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തില് പങ്കെടുക്കുന്നുണ്ടെങ്കില് പാലക്കാട്ടെ നേതൃത്വം മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
രാഹുല് മാങ്കൂട്ടത്തില് കോണ്ഗ്രസ് വേദിയില് ഉണ്ടാകില്ലെന്നാണ് കെ മുരളീധരന് പ്രതികരിച്ചത്. തന്നെ വിജയിപ്പിച്ചവര്ക്ക് വേണ്ടി രാഹുല് പ്രചരണം നടത്തുന്നുണ്ടാകാമെന്നും കെ മുരളീധരന് അഭിപ്രായപ്പെട്ടിരുന്നു. 'എത്ര നെഗറ്റീവ് വന്നാലും അദ്ദേഹം പാര്ട്ടിക്ക് പുറത്താണ്. അദ്ദേഹത്തിന് വോട്ട് ചെയ്തവര് തെരഞ്ഞെടുപ്പില് മത്സരിക്കുമ്പോള് പ്രചാരണം നടത്താന് രാഹുലിന് സ്വാതന്ത്ര്യമുണ്ടല്ലോ. അത് ആ പ്രദേശത്തിന് ഗുണകരമാണോ ഇല്ലയോ എന്നത് ആ ഘടകങ്ങള് തീരുമാനിക്കും. കോണ്ഗ്രസ് നേതാക്കൾ പങ്കെടുക്കുന്ന വേദിയില് അദ്ദേഹത്തിന് പ്രവേശനമില്ല. സ്ഥാനാര്ത്ഥിയോടുള്ള ഇഷ്ടം കാരണം പ്രചാരണം നടത്തുന്നവരുമുണ്ടല്ലോ. അങ്ങനെ കണ്ടാല് മതി'എന്നായിരുന്നു കെ മുരളീധരന് പറഞ്ഞത്.
Content Highlights: Rahul Mamkootathil reaction about k sudhakaran's supports