വിമതരേ...ഇനി പുറത്തെന്ന് മുസ്‌ലിം ലീഗ്; കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മത്സരിക്കുന്നവരെ സസ്‌പെന്‍ഡ് ചെയ്തു

അച്ചടക്ക ലംഘനം നടത്തിയതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയാണെന്ന് നേതൃത്വം അറിയിച്ചു

കണ്ണൂര്‍: കോര്‍പ്പറേഷനിലെ വിമത നീക്കത്തില്‍ നടപടിയുമായി മുസ്‌ലിം ലീഗ്. വിമതരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വാരത്തെ ലീഗ് വിമതന്‍ റയീസ് അസ്അദി, ആദികടലായിയിലെ വിമതന്‍ വി മുഹമ്മദ് അലി, വി കെ അബ്ദുല്‍ ജബ്ബാര്‍, ഷാജി കടലായി എന്നിവര്‍ക്ക് എതിരെയാണ് നടപടി. അച്ചടക്ക ലംഘനം നടത്തിയതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയാണെന്ന് നേതൃത്വം അറിയിച്ചു.

കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതുവരെ വിമതര്‍ പിന്മാറുമെന്ന വിശ്വാസത്തിലായിരുന്നു ലീഗ്. എന്നാല്‍ വിമതര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. പിന്നാലെയാണ് ലീഗ് നടപടിയിലേക്ക് കടന്നത്.

നേരത്തെ ചെറുകുന്നില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയ സിപിഐഎമ്മും പുറത്താക്കിയിരുന്നു. കുന്നനങ്ങാട് സെന്റര്‍ ബ്രാഞ്ച് സെക്രട്ടറി ഇ ബാബുരാജിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥിക്കെതിരെയാണ് ഇയാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്.

സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.

Content Highlights: Muslim League expelled rebels in Kannur

To advertise here,contact us